കാഞ്ഞാണി : ലക്ഷങ്ങൾ ചെലവാക്കി നിർമ്മാണം പൂർത്തീകരിച്ച കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യാത്തതിൽ നാട്ടുകാർ ദുരിതത്തിൽ. അന്തിക്കാട് പഞ്ചായത്തിലെ പടിയം14ാം വാർഡിലുള്ളവർക്കാണ് പദ്ധതി നടപ്പിലാക്കിയത്. തീരദേശമേഖല ആയതിനാൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് പടിയം പതിനാലാം വാർഡിലാണ്. ഇത് പരിഹരിക്കാനായിട്ടാണ് 9.2 ലക്ഷം ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതി പൂർത്തീകരിച്ച് ഒരു വർഷം പിന്നിട്ടു. ഇതുവരെ കമ്മിഷൻ ചെയ്ത് കുടിവെള്ളം എത്തിക്കാനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. കുടിവെള്ള പദ്ധതിക്കായി പണിതുയർത്തിയ ജലസംഭരണി, മോട്ടോർഷെഡ്, മോട്ടോർ , കിണറുമെല്ലാം ഒരു വർഷമായി നോക്കുകയാണ്. വേനൽക്കാലമായതോടെ വളരെ പ്രയാസപ്പെട്ടാണ് ശുദ്ധജലം ശേഖരിക്കുന്നത്. വൈദ്യുതി ബന്ധപ്പെട്ട് ഉണ്ടായ തടസമാണ് കമ്മിഷൻ ചെയ്യുവാൻ വൈകിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.. ഒരു വർഷമായി തുടരുന്ന പ്രതിസന്ധി പരിഹരിച്ച് പദ്ധതി കമ്മിഷൻ ചെയ്ത് കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
........................
പടിയം 14-ാം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷങ്ങൾ ചെലവാക്കി നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഒരു വർഷം കഴിഞ്ഞിട്ടും കമ്മിഷൻ ചെയ്യാത്തത് പഞ്ചായത്തിന്റെ വീഴ്ചയാണ്. അടിയന്തരമായി കമ്മിഷൻ ചെയ്യുവാൻ നടപടി സ്വീകരിക്കണം.
അശ്വവിൻ, വൈസ് പ്രസിഡന്റ്
യുത്ത് കോൺഗ്രസ്, നാട്ടിക
......................
വൈദ്യുതി ബന്ധപ്പെട്ടുള്ള പ്രവർത്തനം പൂർത്തീകരിച്ച് കഴിഞ്ഞാൽ കുടിവെള്ള പദ്ധതി എത്രയും വേഗം കമ്മിഷൻ ചെയ്ത് കുടിവെള്ളം എത്തിക്കാൻ കഴിയും. അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സുമൈറ ബഷിർ
വാർഡ് മെമ്പർ