പാവറട്ടി: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള സാനിറ്റൈസർ വിതരണം ചെയ്ത് ചിറ്റാട്ടുകര സഹകരണ ബാങ്ക് മാതൃക. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ പരീക്ഷ എഴുതുന്ന 200 വിദ്യാർത്ഥികൾക്ക് ആവശ്യമായ സാനിറ്റൈസാണ് വിതരണം ചെയ്തത്.
നേരത്തെ ഗുരുവായൂർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്‌കൂൾ പരിസരം ശുചീകരിച്ചിരുന്നു. പരീക്ഷാ ദിവസങ്ങളിൽ ക്ലാസ് മുറികൾ ശുചീകരിക്കാനുള്ള നടപടികൾ പഞ്ചായത്തും സ്‌കൂൾ മാനേജ്‌മെന്റും സ്വീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ കൈകൾ ശുചീകരിക്കുന്നതിനുള്ള സാനിറ്റൈസറാണ് ബാങ്ക് നൽകിയത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആലിസ് പോൾ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജി. സുബിദാസ്, ബാങ്ക് ഡയറക്ടർ പി.എം. ജോസഫ്, സെക്രട്ടറി പോളി ഡേവിഡ് .സി, പി.കെ. രമേഷ്, പ്രധാന അദ്ധ്യാപകൻ ജസ്റ്റിൻ തോമസ് എന്നിവർ പങ്കെടുത്തു.