തൃപ്രയാർ: ലോക്ക് ഡൗൺ ക്യാമ്പുകൾ നിറുത്തിയതോടെ വിശപ്പു സഹിക്കാനാവാതെ ഭക്ഷണത്തിനായി 14 കിലോമീറ്റർ തൃശൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് നടന്ന് തളർന്നു വീണ് തെരുവിൽ കഴിഞ്ഞിരുന്ന അഭിലാഷിന് കൈതാങ്ങ്. തൃശൂർ കാപ്സ് കൂട്ടായ്മ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കു ശേഷം അഭിലാഷിനെ നാട്ടിക പഞ്ചായത്തിലെ നെടുന്തേടത്ത് വർക്ക്ഷോപ്പിൽ ജോലിയും താമസ സൗകര്യവും നൽകി. കാലടി ആലുങ്കൽ ജോസിന്റെ മകനാണ് 34കാരനായ അഭിലാഷ്. തൃശൂരിലെത്തിയിട്ട് വർഷങ്ങളായി. നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് പി. വിനു അഭിഷാഷിനെ സ്വീകരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ യദുകൃഷ്ണയുടെ അഭ്യർത്ഥനയെ തുടർന്നാണ് അഭിലാഷിന് സ്ഥാപന ഉടമ സതീഷ് സ്ഥിരമായി ജോലിയും താമസ സൗകര്യവും ഏർപ്പെടുത്തിയത്. നാട്ടിക പഞ്ചായത്തംഗം എൻ.കെ ഉദയകുമാർ അഭിലാഷിൻ്റെ ലോക്കൽ ഗാർഡിയൻ ചുമതല ഏറ്റെടുത്തു. ഭക്ഷണത്തിനായി നടന്ന് തളർന്നപ്പോളാണ് അവശനായ അഭിലാഷ് സഹായം അഭ്യർത്ഥിച്ച് ക്യാമ്പിൽ കൗൺസിലിംഗ് നടത്തിയ ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ യദുകൃഷ്ണയെ സമീപിച്ചത്. പ്രാദേശിക സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കി. കൊറോണയും ലോക്ക് ഡൗണും ഏറെ വലച്ചത് തെരുവിൽ കഴിയുന്ന അനാഥരെയാണ്. ആദ്യ ഘട്ടത്തിൽ തൃശൂർ കോർപറേഷൻ ഇവർക്കായി ക്യാമ്പുകൾ ആരംഭിച്ചു. എങ്കിലും പിന്നീടത് അവസാനിപ്പിച്ചു. തൃശൂരിലെ എം.എസ്.ഡബ്ല്യു ബിരുധാരികളുടെ കൂട്ടായ്മ ക്യാപ്സ് ആണ് തെരുവിലെ അനാഥരായവർക്ക് ക്യാമ്പുകളിൽ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായുള്ള സൈക്കോ - സോഷ്യൽ കൗൺസിലിംഗിന് നേതൃത്വം നൽകിയിരുന്നത് തൃശൂർ മോഡേൺ ബോയ്സ് സ്കൂളിലെ ക്യാമ്പിലേക്ക് തെരുവിൽ ഉറങ്ങിയിരുന്ന അഭിലാഷിനെ പൊലീസ് എത്തിച്ചു. ക്യാപ്സ് ബോയ്സ് സ്കൂളിൽ അഭിലാഷിന് കൗൺസലിംഗ് നൽകി. കൗൺസലിംഗിനോടൊപ്പം തെരുവിൽ നിന്നും ജീവിതത്തിലേക്ക് പുനരധിവസിപ്പിക്കുക എന്ന പ്രവൃത്തിക്കാണ് ക്യാപ്സ് നേതൃത്വം നൽകിയത്. മാതാപിതാക്കൾ ഇല്ലാത്ത അഭിലാഷ് സഹോദരിയുടെ വിവാഹത്തിനായി വീടും സ്ഥലവും വിറ്റു. തൊഴിലുകൾ തേടി അലഞ്ഞ് അവസാനം തൃശൂരിലെത്തി. കൽപ്പണിയും വെൽഡിംഗും തുടങ്ങി പല തൊഴിലും ചെയ്ത് രാത്രി സമയങ്ങളിൽ തെരുവിലെ കടമുറികൾക്കു മുൻപിൽ കഴിയുകയാണ് പതിവ്. പല ദിവസവും തൊഴിൽ ലഭിക്കാറുമില്ല. ലോക് ഡൗൺ മൂലം 2 ദിവസം ഭക്ഷണം കിട്ടാതെ ആയ സമയത്താണ് പൊലീസ് ക്യാമ്പിലെത്തിച്ചത്. അനുഗ്രഹീതനായ ചിത്രകാരൻ കൂടിയാണ് അഭിലാഷ്. നാട്ടിക പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ അഭിലാഷിനെ ഉൾപ്പെടുത്താനുള്ള നിയമ വശങ്ങൾ പരിശോധിക്കുമെന്ന് അഭിലാഷിനെ സ്വീകരിച്ച് നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് പി. വിനു പറഞ്ഞു. പഞ്ചായത്തംഗങ്ങളായ പി.എം സിദ്ധിക്ക്, കെ.വി സുകുമാരൻ, ക്യാപ്സ് ഭാരവാഹികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകർ പ്രെഫ: ആൽവിൻ തോമസ്, അഭിലാഷ്, തൃശൂർ സെൻ്റ് മേരീസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി സിസ്റ്റർ ജറുസലോം, ട്രൈബൽ ഡിപ്പാർട്ട്മെൻ്റ് കൗൺസിലർ ബെറ്റി തോമസ് എന്നിവർക്കൊപ്പമാണ് അഭിലാഷ് തൃപ്രയാറിലെ ജോലി സ്ഥലത്തേക്ക് എത്തിയത്