തൃശൂർ: കാലവർഷത്തിന് മുന്നോടിയായി എനാമാക്കൽ ബണ്ട് പൊട്ടിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങും. കൃഷി മന്ത്രി വി.എസ് സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കാലവർഷം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോൾ കാർഷിക മേഖലയിൽ നിന്നുളള റിപ്പോർട്ടുകൾ പരിഗണിച്ചുമാണ് ബണ്ട് പൊട്ടിക്കാൻ തീരുമാനിച്ചത്. ബണ്ടിന്റെ നടുഭാഗമാണ് പൊട്ടിക്കുക. ബണ്ട് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മുളയും കുറ്റികളും മണ്ണും നീക്കം ചെയ്യാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴ ശക്തമാകുകയും ബണ്ട് പൊട്ടിക്കുന്ന പ്രവൃത്തി പൂർത്തിയാകാതിരിക്കുകയും ചെയ്താൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാവും. ഈ സാഹചര്യം ഒഴിവാക്കാനാണ് യഥാസമയം ബണ്ട് പൊട്ടിക്കുന്ന നടപടിയിലേക്ക് നീങ്ങിയത്. അരിമ്പൂർ, ചാഴൂർ, നെടുപുഴ, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതിലൂടെ കഴിയും.
കോൾപ്പാടങ്ങളിലെ ജലനിരപ്പ് മതിയായ തോതിൽ ഉറപ്പുവരുത്തിയിട്ടുള്ളതിനാൽ ഇപ്പോൾ ബണ്ട് പൊട്ടിച്ചാലും ഉപ്പ് വെള്ള കയറില്ലെന്ന് ജലസേചന വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ഇടിയൻച്ചിറ റഗുലേറ്ററിന്റെ അഞ്ച് എണ്ണം ഒഴികെ മറ്റെല്ലാ ഷട്ടറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭ, മണ്ണ് സംരക്ഷണ വകുപ്പ്, കെ.എൽ.ഡി.സി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി.