കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ മീനാ സുരേഷ് പാർട്ടിയിൽ നിന്ന് രാജി വെച്ച് സി.പി.എമ്മിലേക്ക്. കോൺഗ്രസ് (ഐ) പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതാക്കൾ ഇപ്പോൾ എടുക്കുന്ന തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് മീനാ സുരേഷ് പാർടിയിൽ നിന്നും രാജിവച്ചതെന്ന് പർട്ടിക്ക് നൽകിയ പത്രക്കുറിപ്പിൽ അറിയിക്കുന്നു.
കോൺഗ്രസ് ഐ പാർട്ടിയുടെ മണ്ഡലം നിർവാഹക സമിതി അംഗം, മഹിളാ കോൺഗ്രസിന്റെ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ്, നിലവിൽ, കോൺഗ്രസ് (ഐ) പാർട്ടിയുടെ മണ്ഡലം സെക്രട്ടറിമാരിൽ ഒരാളാണ് മീന സുരേഷ്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ മീന സുരേഷിനെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശത്തിൽ കോൺഗ്രസിൽ നീക്കം ചെയ്തതായി കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റി അറിയിച്ചു. മുമ്പ് സി.പി.എം പ്രവർത്തകയായിരുന്ന മീന സുരേഷ് അന്ന് ദുഖകരമായ സംഭവത്തിൽ സി.പി.എം സഹായിച്ചില്ല എന്ന് പറഞ്ഞാണ് കോൺഗ്രസിൽ ചേർന്നതെന്നും കുറച്ചു നാളായി പാർട്ടിയുമായി ഒരു സഹകരണവും ഉണ്ടായില്ലെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കൾ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം ചേർന്നുനിൽക്കാനുള്ള മീനാ സുരേഷ് പ്രകടിപ്പിച്ചിട്ടുള്ള താല്പര്യത്തെ സി.പി.എം സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം പെരിഞ്ഞനം ലോക്കൽ സെക്രട്ടറി ടി.കെ രമേശ്ബാബു പറഞ്ഞു.