ചാലക്കുടി: തച്ചുടപറമ്പ് സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ നഗരസഭയിലെ സി.പി.എം നേതാവ് പൊലീസിൽ പരാതി കൊടുപ്പിച്ച സംഭവം വിവാദത്തിലേക്ക്. കോൺഗ്രസ് പ്രതിനിധിയുടെ വാർഡിൽ നിയമം കാറ്റിൽപ്പറത്തി പാടശേഖരത്തിൽ ആരംഭിച്ച റോഡ് നിർമ്മാണം തടഞ്ഞത് ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ നിർമ്മാണ പ്രവർത്തനത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. ഇതിനിടെയാണ് നിർമ്മാണം നടന്ന ഭാഗങ്ങൾ ഭാഗികമായി തകർത്തത്. ഇതിന്റെ പേരിലാണ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരിൽ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.
പൊതുമുതൽ നശിച്ചെന്നാണ് പരാതിയിലെ ആരോപണം. എന്നാൽ ചെയർപേഴ്‌സണും വൈസ് ചെയർമാനും അറിയാതെ പരാതി നൽകാൻ സെക്രട്ടറിയുടെ മേൽ സമ്മർദ്ദം ചെലുത്തിയത് സി.പി.എമ്മിലെ മുതിർന്ന നേതാവിയിരുന്നത്രെ. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി നടന്ന പാടശേഖരത്തിലെ റോഡ് നിർമ്മാണം കോൺഗ്രസിനും തലവേദനയായിരുന്നു.
ഇതിനിടെ സി.പി.എം നേതാവ് പ്രതിപക്ഷത്തെ രക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒന്നടങ്കം പ്രതിഷേധത്തിലാണ്. പൊതുമുതൽ എന്ന കാറ്റഗറിയിൽ റോഡ് ഉൾപ്പെടുന്നതിന് മുമ്പേ സ്വന്തം പാർട്ടിയിലെ യുവജന സംഘടനാ നേതാക്കളെ കേസിൽ കുടുക്കാൻ മുതിർന്ന നേതാവ് നടത്തിയ ശ്രമം മുതിർന്ന നേതാക്കളെയും അങ്കലാപ്പിലാക്കുന്നുണ്ട്.