കൊടുങ്ങല്ലൂർ: ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തി, ഡാവിഞ്ചി സുരേഷ് ആരംഭിച്ച കൊറോണ ചിത്രം വര അവസാനിച്ചു. അറുപത്തിമൂന്ന് ചിത്രങ്ങളാണ് അറുപത്തിമൂന്നു ദിവസങ്ങള്‍ കൊണ്ട് സുരേഷ് വരച്ചെടുത്തത്. വാട്ടര്‍ കളറും കളര്‍ പെന്‍സിലും ഉപയോഗിച്ചായിരുന്നു ഇദ്ദേഹത്തിന്റെ രചന.
ഭാവനയില്‍ തെളിഞ്ഞ ആശയങ്ങളും കാര്‍ട്ടൂണുകളും കാരിക്കേച്ചറും ചില വൈറല്‍ ഫോട്ടോകളും സുഹൃത്തുക്കള്‍ അയച്ചു കൊടുത്ത ഫോട്ടോകളുമൊക്കെ ഉള്‍പ്പെടുത്തിയാണ് സുരേഷ് അറുപത്തിമൂന്നു ചിത്രങ്ങള്‍ വരച്ചത്. ലോക്ക് ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ ഒരു ദിവസം പോലും വര മുടക്കം വരുത്തിയില്ല. കേരളം പിറവിയെടുത്തിട്ട് 63 വർഷങ്ങൾ കഴിഞ്ഞു വന്ന ഈ കൊറോണക്കാലത്തിന്റെ ഓർമ്മയ്ക്കായുള്ള തന്റെ സമർപ്പണമാണ് ഈ വരകളെന്ന് സുരേഷ് പറഞ്ഞു. കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ സുരേഷ് കേരള സാമൂഹിക സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാഡമിയും ചേര്‍ന്ന് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിട്ടുള്ള കൊറോണ ബോധവത്കരണ കാര്‍ട്ടൂണുകള്‍ വരക്കുകയാണിപ്പോൾ സുരേഷ്.
തെക്കന്‍ ജില്ലകളിലെ ആറ് ജില്ലകളില്‍ ഇവ വരച്ചു കഴിഞ്ഞു. ഇന്ന് മുതല്‍ തുടര്‍ച്ചയായി വടക്കന്‍ ജില്ലകളില്‍ കൂടി വരക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോക്ക് ഡൌണ്‍ തുടങ്ങും മുമ്പേ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയ സുരേഷ്, സുരക്ഷാ മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ ചിട്ടവട്ടങ്ങളോടും കൂടിയാണ് ജില്ലകൾ തോറും സഞ്ചരിക്കുന്നത്. ഇതിനകം വൈറലായ ഒരു ആല്‍ബത്തില്‍ കൊറോണ കാലനായി തന്നെ വേഷം കെട്ടി. ഭാവിയില്‍ കൊറോണ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താൻ ആലോചനയുണ്ടെന്ന് ഈ ചിത്രകാരൻ പറയുന്നു..