കൊടുങ്ങല്ലൂർ: ക്ഷേത്രങ്ങളിൽ വിശ്വാസികൾ വഴിപാടായി നൽകിയ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവഞ്ചിക്കുളം ദേവസ്വം ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ യുവ പ്രമുഖ് ജീവൻ നാലുമാക്കൽ ഉദ്ഘാടനം ചെയ്തു. ടി.യു. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി അംഗവും ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റുമായ പി.ആർ. ദിനിൽ മാധവ് ആമുഖ പ്രസംഗം നടത്തി. ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി കെ.എസ്. ശിവറാം, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി കെ.ഡി. വിക്രമാദിത്യൻ, സുധർമ്മൻ, വിദുൽ കപ്പിത്താൻ, ഹരിദാസ്, കലേശൻ തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേത്ര സ്വത്തുകൾ വിറ്റുതുലക്കുന്ന നടപടിയിൽ നിന്നും സർക്കാർ-ദേവസ്വം ബോർഡ് അധികൃതർ പിൻമാറണമെന്നാവശ്യപ്പെട്ട് ശ്രീകുരുംബ ഭഗവതി ക്ഷേത്രനടയിൽ നടന്ന പ്രതിഷേധം മാതൃസമിതി ജില്ലാ അദ്ധ്യക്ഷ ഡോ.പി.വി. ആശാലത ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സി.എം. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പുല്ലുറ്റ് പന്തലാലുക്കൽ ക്ഷേത്രത്തിനു മുമ്പിൽ നടന്ന ധർണ്ണ മാതൃസമിതി താലൂക്ക് പ്രസിഡന്റ് ഷീല താരാനാഥ് ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ പന്തലാലുക്കൽ സംസാരിച്ചു.