കൊടുങ്ങല്ലൂർ: സഞ്ചരിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം നഗരസഭാ പ്രദേശത്ത് ആരംഭിച്ചു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രായമായവർക്കും മാരക രോഗമുള്ളവർക്കും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നേരിട്ട് ചികിത്സയ്ക്ക് എത്തുവാൻ ബുദ്ധിമുട്ടുള്ളതിനാൽ വാർഡുകളിൽ സഞ്ചരിക്കുന്ന ആശുപത്രിയെത്തി രോഗികൾക്ക് ചികിത്സ നൽകുന്ന പദ്ധതിയാണിത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ മൊബൈൽ ആശുപത്രികളിൽ ചികിത്സ നൽകും. ഒരു നഴ്സും ഫാർമസിസ്റ്റും കൂടെയുണ്ടാകും. മരുന്നിൻ്റെ ചെലവ് എം.എൽ.എ ഫണ്ടിൽ നിന്ന് നൽകും. ആദ്യ ദിവസം മേത്തലയിൽ എത്തി ചികിത്സ നടത്തിയ സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം താലൂക്ക് ആശുപത്രി പരിസരത്ത് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ഹണി പീതാംബരൻ, സി.കെ. രാമനാഥൻ, ഡോ.ടി.വി. റോഷ് എന്നിവർ സംസാരിച്ചു.