പാവറട്ടി: നിർമ്മാണം തുടങ്ങി നാല് പതിറ്റാണ്ട് പിന്നിട്ടും പണിതീരാതെ മുല്ലശ്ശേരി കെ.എൽ.ഡി.സി കനാൽ. കർഷകർ ഇന്നും രക്ഷകനായി പരിഗണിക്കുന്ന കനാലിനാണ് ഈ ദുരവസ്ഥ. 1976ൽ റൂറൽ ഇൻഫ്രാസ്ട്രച്ചറൽ ഡെവലപ്‌മെന്റ് ഫണ്ടിൽ (ആർ.ഐ.ഡി.എഫ്) നിന്നും 52 കോടി രൂപ വകയിരുത്തിയാണ് കെ.എൽ.ഡി.സി പദ്ധതി ആരംഭിക്കുന്നത്.

ജില്ലയിലെ പ്രധാന കാർഷിക മേഖലയായ മുലശ്ശേരി കോൾ മേഖലയിലൂടെ കടന്നുപോകുന്നതാണ് കനാൽ. തൃശൂർ- കുന്നംകുളം റോഡിൽ പേരാമംഗലം, പുഴയ്ക്കൽ, ആണ്ടുപറമ്പ് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് ഇടിയൻചിറയിൽ കായലുമായി ചേരുന്ന കനാലിന് ഏകദേശം 15 കിലോമീറ്റർ ദൂരം വരും.

കെ.എൽ.ഡി.സിയുടെ രേഖകൾപ്രകാരം കനാൽ നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ ജോലികൾ ബാക്കിയാണെന്നാണ് കർഷകരുടെ പക്ഷം. കൃഷിക്കും പ്രദേശത്തെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനുമായി നിർമ്മിച്ച പദ്ധതിയുടെ ബണ്ട് ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ശേഷിക്കുന്നത്.

ഇടിയൻചിറ റെഗുലേറ്റർ പാലം മുതൽ എലവത്തൂർ മാടക്കാക്കൽ പാലം വരെയാണ് റെഗുലേറ്ററിന്റെ ജലസംഭരണ പ്രദേശം. ഇവിടെ ബണ്ടുകൾക്ക് പ്രത്യേക നിബന്ധനകൾ ഉണ്ട്. ഇടിയഞ്ചിറ മുതൽ കൂമ്പുള്ളി പി.ഡബ്‌ളിയു.ഡി പാലം വരെയുള്ള വടക്ക് ഭാഗത്തെ ബണ്ട് ഒരു മീറ്റർ എങ്കിലും ഉയർത്തി ബലപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.

കെ.എൽ.ഡി.സി കനാൽ നിർമ്മാണത്തിന് വകയിരുത്തിയ 52 കോടിയിൽ 6 കോടി രൂപ ബാക്കിയുണ്ടെന്നാണ് ഉണ്ടെന്നാണ് കർഷകർ പറയുന്നത്. ഈ തുക ഉപയോഗിച്ച് ശേഷിക്കുന്ന നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് ആവശ്യം.

നാശത്തിന്റെ വക്കിൽ

മുല്ലശ്ശേരി പമ്പൻതളി വടക്കുഭാഗത്ത് കനാലിന്റെ ഇരു ഭാഗങ്ങളിലുള്ള ഉയരം കൂടിയ ബണ്ട് ഇടിഞ്ഞുവീണ് ഒഴുക്കിനെ ബാധിക്കുകയും പ്രദേശത്തെ വീടുകൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. അപകട ഭീഷണിയുള്ള പറമ്പന്തളി ഭാഗത്തെ ഉയർന്ന ബണ്ട് 10 മീറ്ററിൽ കുറയാതെ താഴ്ത്തി കെട്ടി സംരക്ഷിക്കണം. ബണ്ടിന്റെ ഉയരം കുറയ്ക്കുമ്പോൾ ഇരുകരയിലുമുള്ള രണ്ടു മൂന്നു് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടിവരും.

പാലം നിർമ്മിച്ചില്ല

പെരുവല്ലൂർ മുല്ലശ്ശേരി പറമ്പൻതളി റോഡ് മുറിച്ചാണ് കനാൽ നിർമ്മിച്ചത്. റോഡ് മുറിച്ച് കനാൽ നിർമ്മിച്ചാൽ ഗതാഗതയോഗ്യമായ പാലം നിർമ്മിക്കണമെങ്കിലും ഒരു നടപ്പാലം മാത്രമാണ് നിർമ്മിച്ചത്. കാർഷിക ആവശ്യങ്ങൾക്ക് ഒരു ട്രാക്ടർ കൊണ്ടുപോകാൻ പോലും ഈ നടപ്പാലം ഉപയോഗിക്കാൻ കഴിയില്ലെന്നാണ് കർഷകരുടെ പരാതി.

മുല്ലശ്ശേരി - പൂവത്തൂർ - പാവറട്ടി പ്രദേശങ്ങളിൽ കുരുക്ക് അനുഭവപ്പെടുമ്പോൾ ഗതാഗതം തിരിച്ചുവിട്ടിരുന്ന പാത കൂടിയായിരുന്നു ഇത്.

മറ്റ് ആവശ്യങ്ങൾ
ജല സംഭരണ പ്രദേശത്തെ കനാൽ ബണ്ട് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണം
കെ.എൽ.ഡി.സി കനാൽ ബണ്ടുകളിൽ നിന്നുള്ള സ്ലൂയിസുകൾ പുനർനിർമ്മിക്കണം

നിർമ്മിക്കേണ്ടത് തണ്ണീർ കായൽ സ്‌ളൂയിസ്, മതുക്കര ബോക്‌സ് കൽവർട്ട്, ഊരകം സ്‌ളൂയിസ്


കാപ്

മുല്ലശ്ശേരി കെ.എൽ.ഡി.സി കനാൽ ബണ്ടിന്റെ ഏറ്റവും ഉയർന്ന ഭാഗം മണ്ണിടിഞ്ഞ് അപകട ഭീതിയിൽ.