കൊടുങ്ങല്ലൂർ : സി.പി.ഐ നേതാവും മുൻ കൃഷിമന്ത്രിയുമായിരുന്ന വി.കെ രാജന്റെ സ്മരണയ്ക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ പൊതു പ്രവർത്തകനുള്ള അവാർഡിന് ഈ വർഷം അർഹനായിരിക്കുന്നത് സി.പി.എമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ അമ്പാടി വേണുവാണെന്ന് സ്മാരക സമിതി കൺവീനർ കെ.ജി ശിവാനന്ദൻ അറിയിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പൊതുസമ്മേളന പരിപാടി ഒഴിവാക്കും. മെയ് 29 ന് വി. കെ രാജൻ ചരമവാർഷിക ദിനത്തിൽ അവാർഡ് ജേതാവിന്റെ വസതിയിൽ നേതാക്കളെത്തി പുരസ്‌കാരം സമർപ്പിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജിന്റെ സാന്നിദ്ധ്യത്തിൽ സ്മാരക സമിതി ചെയർമാനും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ സി.എൻ ജയദേവൻ പുരസ്‌കാരം സമർപ്പിക്കും. എം.എൽ.എമാരായ വി.ആർ സുനിൽ കുമാർ , ഇ.ടി. ടൈസൻ മാസ്റ്റർ മുൻസിപ്പൽ ചെയർമാൻ കെ.ആർ.ജൈത്രൻ എന്നിവർ പങ്കെടുക്കും. അമ്പാടി വേണു ദീർഘകാലം സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. കെ.എസ് വൈ.എഫിന്റെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. കേരള കർഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭ യുടെ ജനറൽ കൗൺസിൽ അംഗവുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.