മാള: മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ അനുബന്ധ സ്ഥാപനമായ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയുടെ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി അത്യന്താധുനിക രീതിയിലുള്ള തിയേറ്റർ കോംപ്ലക്സ് തുറന്നുകൊടുക്കുമെന്ന് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.കെ സുധീഷ്‌ ബാബു, ചെയർമാൻ പി.കെ സാബു എന്നിവർ അറിയിച്ചു. മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ആൻഡ് ആക്സിഡന്റ് ട്രോമാകെയറും എല്ലാവിധ ഓർത്തോ , ഗൈനക് , ഇ.എൻ.ടി , ജനറൽ ആൻഡ് താക്കോൽദ്വാര സർജറികൾക്കും സജ്ജമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളും വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐ.സി.യു.വും എൽ.ഡി.ആർ.സൗകര്യമുള്ള ലേബർ റൂമും ഇതോടൊപ്പം പ്രവർത്തനമാരംഭിക്കും.

മെയിൽ, ഫീമെയിൽ ആൻഡ് പീഡിയാട്രിക് വാർഡുകളും മറ്റ് പ്രത്യേകതകളാണ്. 24 മണിക്കൂറും എമർജൻസി ഡോക്ടറുടെ സേവനവും, ട്രോമ കെയറും , ലാമിനാർ ഫ്ളോയോടു കൂടിയ ഓപറേഷൻ തീയേറ്ററുകളും, 4 ഡി ഡോപ്ലർ സൗകര്യത്തോടു കൂടിയ അൾട്രാസൗണ്ട് സ്കാനിംഗ്, മുഴുവനായും ശീതീകരിച്ച റിസപ്ഷൻ, ഫാർമസി, ലബോറട്ടറി, എക്സ്-റേ, ഒ.പി വെയ്റ്റിംഗ് ഏരിയ എന്നിവയാണ് ആശുപത്രിയുടെ പ്രത്യേകത. ശീതീകരിച്ച ഫാർമസി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുവാൻ സഹായിക്കുന്നു. പാവപ്പെട്ട രോഗികൾക്ക് 10% വരെ കുറഞ്ഞ നിരക്കിൽ എല്ലാവിധ സേവനങ്ങളും നൽകുന്നുണ്ട്. എല്ലാവിധ ബ്രാൻഡഡ് മരുന്നുകളും 18 ഓളം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുറഞ്ഞ നിരക്കിൽ വീട്ടിൽ എത്തിച്ചു കൊടുക്കുന്നതും സർവീസ് ചാർജില്ലാതെ എല്ലാവിധ ലബോറട്ടറി ടെസ്റ്റുകളും വീട്ടിൽ വന്നു ചെയ്തുകൊടുക്കുന്നതും മറ്റൊരു പ്രത്യേകതയാണ്.