തൃശൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ നീട്ടിവെച്ച പ്ലസ് വൺ- പ്ലസ് ടു പരീക്ഷകൾ ബുധനാഴ്ച പുനരാരംഭിക്കും. കർശന സുരക്ഷാ മുൻകരുതലോടെ നടത്തുന്ന പരീക്ഷയിൽ ജില്ലയിൽ 69,000 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. അതേ സമയം, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ചൊവ്വാഴ്ച ആരംഭിച്ചു. രാവിലെ 9.45 നാണ് പരീക്ഷ തുടങ്ങിയത്. കർശന സുരക്ഷാ കരുതലുകളോടെ സാമൂഹിക അകലം പാലിച്ചാണ് പരീക്ഷ തുടങ്ങിയത്.

രാവിലെ 10 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ 9.30ന് തന്നെ ക്ലാസ് മുറികളിൽ ഹാജരാകണം. ആദ്യ ദിനമായ ബുധനാഴ്ച പ്ലസ് വൺ വിഭാഗത്തിൽ മ്യൂസിക്, അക്കൗണ്ടൻസി, ജോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടു വിഭാഗത്തിൽ ബയോളജി, ജിയോളജി, സംസ്‌കൃതസാഹിത്യം, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാർട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമായാണ് നടക്കുക. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ന് കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക. എസ് .എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്. ഇ എന്നീ വിഭാഗങ്ങളിലായി ജില്ലയിൽ 259 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 199 കേന്ദ്രങ്ങളിലാണ് ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നത്. 3648 ഇൻവിജിലേറ്റേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് പുതുക്കാട് സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂളിലാണ്. 1518 പേർ.