തൃശൂർ: പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ശക്തമാക്കി. മാസ്‌ക് ധരിച്ചല്ലാതെ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ല. ഇല്ലാത്തവർക്ക് പ്രവേശന കവാടത്തിൽ മാസ്‌ക് നൽകും. ആകെ ഒരു പ്രവേശന കവാടമാകും ഉണ്ടാവുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കുട്ടികളെ ഹാളിലേക്ക് കയറ്റുക.
ഇതിന് പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അദ്ധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. നല്ലവണ്ണം സോപ്പുപയോഗിച്ച് കൈകൾ കഴുകിച്ച ശേഷമായിരിക്കും ഇവരെ ക്ലാസിലേക്ക് കയറ്റുക. ക്ലാസ് റൂമിലേക്ക് പ്രവേശിക്കുന്ന ഇൻവിജിലേറ്ററിന്റെ കൈയിലും സാനിറ്റൈസർ ഉണ്ടാകും.
അതുപയോഗിച്ച് ഒന്നുകൂടി അണുവിമുക്തമാക്കിയ ശേഷമാകും പരീക്ഷ ആരംഭിക്കുക.
ആരോഗ്യപ്രവർത്തകരുടെ കീഴിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച രണ്ട് അദ്ധ്യാപകരെ വീതം ആരോഗ്യ ക്രമീകരണങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും ജീവനക്കാർക്കും കൈയുറയും മാസ്‌കും ധരിക്കണം. കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ടതിന് പകരം അദ്ധ്യാപകർ കുട്ടികളുടെ ഹാജർ അവരുടെ ഷീറ്റിൽ രേഖപ്പെടുത്തും. വിദ്യാർത്ഥികൾ തമ്മിൽ പഠനോപകരണ സാമഗ്രികൾ കൈമാറാൻ അനുവദിക്കില്ല. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരാൾ വീതവും പൊലീസ് ക്യാമ്പിൽ നിന്ന് ഒരാൾ വീതവും കൂടാതെ രണ്ട് ആശാ വർക്കർമാരെയും നിയമിച്ചിട്ടുണ്ട്.
പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാൽ സ്‌കൂൾബസുകളും മറ്റു സംവിധാനങ്ങളും സ്‌കൂൾ അധികൃതരുടെ ആവശ്യപ്രകാരം അനുവദിച്ചിട്ടുണ്ട്. എസ്. എസ്. എൽ.സി പരീക്ഷ ഇന്നലെ ആരംഭിച്ചതിനാൽ കെ.എസ്.ആർ. ടി.സികളും ജില്ലയിൽ കൂടുതലായി സർവീസ് നടത്തുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത് ഇവ
പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മാത്രമേ സ്‌കൂളിൽ എത്തേണ്ടതുള്ളൂ
രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കേണ്ടതില്ല
സ്‌കൂൾ പരിസരത്ത് കുട്ടികൾ സാമൂഹിക അകലം പാലിക്കണം
സ്‌കൂൾ സ്റ്റെയർകേസ് പിടിയിൽ സ്പർശിക്കരുത്
ക്വാറന്റൈയിനിൽ കഴിയുന്നവരുടെ വീടുകളിൽ നിന്നും വരുന്ന കുട്ടികൾ വിവരം പ്രിൻസിപ്പാളിനെ അറിയിക്കണം
പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവർ പ്രിൻസിപ്പാളിനെ വിവരം അറിയിക്കണം
...........
' സ്‌കൂളുകളിൽ കർശന സുരക്ഷയാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ആരോഗ്യ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്.
ഡോ. ടി.വി. സതീശൻ, ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം