തൃശൂർ: വാച്ച് പോലെ കൈയിൽ കെട്ടാം. ഇടവേളകളിൽ കൊവിഡ് 19നെ തുരത്താൻ സാനിറ്റൈസർ കൈയിലേക്ക് സ്പ്രേ ചെയ്യാം. ബ്രേക്ക് ദ ചെയിൻ കാമ്പയിന് ശക്തി പകരുന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നോർത്ത് പറവൂർ തോന്നിയകാവ് ആയുർവേദ ഹോസ്പിറ്റലിൽ സ്‌പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ നിസാർ മുഹമ്മദ്. എറണാകുളം കേന്ദ്രമായുള്ള സപ്തവേദ ഹെർബൽസ് മുഖേന ഈ വാച്ചിന്റെ പ്രായോഗിക മാതൃക ബ്രേക്ക് കൊവിഡ് ഡോട് ഇൻ എന്ന കാമ്പയിനുമായി ബന്ധപ്പെട്ട് സ്റ്റാർട്ട് അപ് മിഷന് മാർച്ച് 28ന് കൈമാറി അനുകൂല മറുപടി കാത്തിരിക്കുകയാണ്.
തുടർച്ചയായി ജോലികളിൽ വ്യാപൃതരാകുന്നവർക്ക് എപ്പോഴും കുപ്പിയുടെ മൂടി തുറന്ന് സാനിറ്റൈസർ ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. വാച്ചിൽ ഞെക്കിയാൽ കൈയിലേക്ക് സാനിറ്റൈസർ സ്‌പ്രേ ചെയ്യാം. കൈയിൽ കെട്ടാവുന്ന ഒരു സ്ട്രാപ്പും സാനിറ്റൈസർ നിറയ്ക്കാവുന്ന സംഭരണിയും മൂടിയും എല്ലാമുണ്ട്. നിരവധി ഭാഗങ്ങളായി രൂപകൽപ്പന ചെയ്യുന്നത് ഇവയ്ക്കിടയിൽ വൈറസിന്റെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥ ഉണ്ടാക്കുമെന്നതിനാൽ ഒറ്റ ഭാഗമാക്കിയാണ് നിർമ്മാണം. മെറ്റൽ ഭാഗങ്ങളില്ലാതെ സിലിക്കൺ മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്.
30 മില്ലിലിറ്റർ സാനിറ്റൈസർ ഒരു പ്രാവശ്യം നിറയ്ക്കാം. ഒറ്റ നിറയ്ക്കലിൽ ആറ് മുതൽ പത്ത് വരെ പ്രാവശ്യം ഉപയോഗിക്കാം. 200 മുതൽ 250 രൂപ വരെ വിലയ്ക്ക് വിപണിയിൽ ഇറക്കാനാകുമെന്ന് ഡോ. നിസാർ പറഞ്ഞു. ജി.പി.എസ് ട്രാക്കർ കൂടി ഇതോടൊപ്പം സെറ്റ് ചെയ്താൽ സംശയമുള്ള രോഗികളുടെ ലൊക്കേഷനും അറിയാനാകും. സോപ്പ് ലായനി ഉപയോഗിച്ച് വാച്ച് കഴുകാനുമാകും. സാനിറ്റൈസർ റീഫിൽ ചെയ്യാനും സൗകര്യപ്രദമാണ് ഈ മാതൃക. നിപ്പ വൈറസ് കാലഘട്ടത്തിൽ ബോധവത്കരണത്തിനായി ഡോ. വേദ എന്ന പേരിൽ ആരോഗ്യ മേഖലയിൽ കാരക്ടർ ആനിമേഷൻ ഇറക്കിയും സിനിമാ മേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ച് പരിചയമുള്ളയാളാണ് നിസാർ മുഹമ്മദ്.
ലക്ഷ്യം വയ്ക്കുന്നത് ഇവർക്കായി
പൊലീസ്, ആശാ വർക്കർമാർ, മെഡിക്കൽ വിദഗ്ദ്ധർ, കൊവിഡ് രോഗം സംശയിക്കുന്നവർ
......................
മാർച്ച് ആദ്യ വാരമാണ് ഈ ആശയം മനസിൽ ഉടലെടുക്കുന്നത്. മാർച്ച് 18ന് ഈ ആശയത്തിന് അനുസരിച്ച് പ്രായോഗിക മാതൃകയുണ്ടാക്കി. 28ന് സ്റ്റാർട്ട് അപ് മിഷന് ഐഡി ഒഫ് തിംഗ്‌സിന്റെ ത്രിഡി രൂപകൽപ്പനയോടെ ഈ ആശയം കൈമാറുകയായിരുന്നു.
- നിസാർ മുഹമ്മദ്, ആയുർവേദ ഡോക്ടർ