എരുമപ്പെട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾ പരീക്ഷയ്ക്ക് ഇരുന്നത് പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്. 599 കുട്ടികളിൽ 598 പേരും പരീക്ഷയ്‌ക്കെത്തി.

ചിറ്റണ്ട സ്വദേശിയായ ഒരു വിദ്യാർത്ഥി ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായതിനാൽ പരീക്ഷയെഴുതാൻ കഴിയില്ലെന്ന് സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. മരണപ്പെട്ട മാതാവിന്റെ സംസ്‌കാരച്ചടങ്ങിന് ശേഷം കാഞ്ഞിരക്കോട് സ്വദേശിയായ വിദ്യാർത്ഥിയും പരീക്ഷയെഴുതാൻ എത്തിയിരുന്നു.

കൊരട്ടിയാംകുന്ന് കോളനി കരട്ടകഴയിൽ നാരായണന്റെ മകൻ നവനീതാണ് അമ്മ ശാരദയുടെ വിയോഗത്തിനിടയിലും പരീക്ഷയ്ക്കെത്തിയത്. പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലാണ് പരീക്ഷ നടത്തുന്നത്. പ്രധാന കവാടത്തിൽ വച്ച് കുട്ടികളുടെ കൈകളിൽ സാനിറ്റൈസർ പുരട്ടിയതിന് ശേഷം മാസ്കുകൾ ധരിപ്പിച്ച് തെർമൽ സ്‌കാനർ ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

പൂർണ്ണമായും സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് കടത്തി വിട്ടതും പരീക്ഷയ്ക്കിരുത്തിയതും. യാത്രാ സൗകര്യമില്ലാത്ത കുട്ടികളെ സ്‌കൂളിലെത്തിക്കാൻ വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചിറ്റണ്ട, കുട്ടഞ്ചേരി സ്‌കൂൾ ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. സന്നദ്ധ വളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാന അദ്ധ്യാപകൻ എ.എ. അബ്ദുൾ മജീദ്, പി.ടി.എ പ്രസിഡന്റ് ബാബു ജോർജ്ജ്, എസ്.എം.സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, എം.പി.ടി.എ പ്രസിഡന്റ് ഹേമ ശശികുമാർ, സ്റ്റാഫ് സെക്രട്ടറി എം.എസ്. രാമകൃഷ്ണൻ, കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ ഒരുക്കങ്ങൾ വിലയിരുത്താൻ സ്‌കൂളിൽ എത്തിയിരുന്നു.