തൃശൂർ: അതിവർഷമുണ്ടാകുമെന്ന ജാഗ്രതാ മുന്നറിയിപ്പ് പുറത്തിറങ്ങി ദിവസം കഴിഞ്ഞിട്ടും 90 ശതമാനത്തിലേറെ പണികൾ പൂർത്തിയായ കുതിരാനിലെ തുരങ്കം തുറക്കാൻ ശ്രമമില്ല. കാലവർഷം തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കേ, ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതമാകും. ജൂൺ ആദ്യവാരം കുതിരാൻ തുരങ്കം തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, നിർമാണ ജോലികൾ പൂർത്തിയാകാത്തതിനാൽ തുറക്കാനാവില്ലെന്നാണ് നിഗമനം.
ആറുവരിപ്പാതയുടെ നിർമ്മാണ കമ്പനിയായ കെ.എം.സി തുരങ്ക നിർമ്മാണം നടത്തിയിരുന്ന പ്രഗതി ഗ്രൂപ്പിനെ ജോലികളിൽ നിന്ന് ഒഴിവാക്കിയാണ് പണി നടത്തുന്നത്. തുരങ്കം തുറക്കുന്നില്ലെങ്കിൽ പാതയിലെ മണ്ണിടിച്ചിലിന് ഉടൻ ശാശ്വതപരിഹാരം കാണേണ്ടി വരും. കഴിഞ്ഞ വർഷങ്ങളിലെ പ്രളയകാലത്ത് മണ്ണിടിച്ചിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് വാഹനങ്ങളാണ് വഴിയിൽ കുരുങ്ങിയത്. തുരങ്കത്തിന്റെ പടിഞ്ഞാറ് പാറക്കെട്ട് അടർന്നുവീഴാതിരിക്കാൻ ഇരുമ്പ് വല നിർമ്മിക്കുന്ന പണികളാണ് നടക്കുന്നത്. കിഴക്കുഭാഗത്ത് റിസർവോയറിനു മുകളിലൂടെയുള്ള പാലത്തിന്റെ നിർമാണം കഴിഞ്ഞുള്ള ഭാഗത്ത് റോഡ് നിർമ്മാണത്തിന് പാറ പൊട്ടിക്കുന്ന ജോലിയുമുണ്ട്.
ലോക്ക്ഡൗണിൽ ഡൗണായി
അന്യസംസ്ഥാനങ്ങളിൽ നിന്നുളള വിദഗ്ദ്ധ തൊഴിലാളികൾ ലോക്ക് ഡൗണിന്റെ ഭാഗമായി സ്വന്തം നാട്ടിലേക്ക് പോയതോടെയാണ് പ്രധാന നിർമാണ പ്രവർത്തനം നടക്കാതായത്. തുരങ്കം തുറക്കണമെങ്കിൽ അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ, 24 മണിക്കൂറും ജലലഭ്യത, യന്ത്രവത്കൃത തീയണയ്ക്കൽ സംവിധാനം എന്നിവ പൂർത്തിയാക്കാനുണ്ട്. കഴിഞ്ഞവർഷം പ്രളയത്തിൽ തുരങ്കം താത്കാലികമായി പൊലീസ് തുറന്നു കൊടുത്തത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ലോക്ക് ഡൗണിന് മുമ്പ് കുതിരാൻ പാതയിൽ ഭൂഗർഭ വൈദ്യുതി ലൈനിന്റെ നിർമ്മാണം നടത്താൻ കുതിരാൻ തുരങ്കം തുറന്നിരുന്നു. ഒരു തുരങ്കത്തിലെ ജോലികൾ 90 ശതമാനവും മറ്റേതിലെ 60 ശതമാനവും പൂർത്തിയായപ്പോൾ തൊഴിലാളികളും ഡ്രൈവർമാരും വാഹന ഉടമകളും ശമ്പളം കിട്ടാതെ പണിമുടക്കാരംഭിച്ചു. പണി തുടരണമെങ്കിൽ തൊഴിലാളികളുടെ ശമ്പളവും തീർത്തുനൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പൂർത്തിയാകാനുള്ളത് ഇ
പൊലീസ് കൺട്രോൾ സ്‌റ്റേഷൻ നിർമ്മാണം നടന്നിട്ടില്ല.
തുരങ്കമുഖത്ത് സുരക്ഷാഭീഷണിയുളള പാറക്കൂട്ടം പൊട്ടിച്ചില്ല.
അഴുക്കുചാലുകളുടെ പണി പൂർത്തിയാക്കിയിട്ടില്ല
......
ദേശീയപാതാ അതോറിറ്റിക്ക് കത്ത്
സുരക്ഷാ ഒരുക്കങ്ങളും പരിശോധനകളും പൂർത്തിയാക്കി ഉടൻ ഒരു തുരങ്കം തുറന്നുകൊടുക്കണം. ആയിരക്കണക്കിന് വാഹനങ്ങൾ കുരുങ്ങുന്ന ദേശീയപാതയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാന് കത്ത് നൽകിയിട്ടുണ്ട്.
ടി.എൻ പ്രതാപൻ എം.പി.