തൃശൂർ: ബ്രേക്ക് ദ ചെയിൻ നിർദ്ദേശം ജില്ലയിലെ പൊതുസ്ഥാപനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. സർക്കാർ ഓഫീസുകൾ, എ.ടി.എം കൗണ്ടറുകൾ, ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസുകൾ, ജനന-മരണ രജിസ്‌ട്രേഷൻ വിഭാഗം, കച്ചവട സ്ഥാപനങ്ങൾ, റേഷൻകടകൾ, പച്ചക്കറി മാർക്കറ്റുകൾ, മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദ ചെയിൻ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തണം. ഇവിടങ്ങളിലെ ജീവനക്കാർക്കും സന്ദർശകർക്കുമായി ഹാൻഡ് വാഷ്, വെള്ളം, സാനിറ്റൈസർ എന്നിവ ഉറപ്പു വരുത്തണം. സുരക്ഷാ മാനദണ്ഡം പാലിച്ചുവേണം എ.ടി.എം കൗണ്ടറുകൾ പ്രവർത്തിപ്പിക്കേണ്ടത്. പൊതുസ്ഥലങ്ങളിൽ മുഖാവരണം നിർബന്ധമാണ്. ബ്രേക്ക് ദ ചെയിൻ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമമനുസരിച്ച് ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.