anthikkad
ആശുപത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക മൃതദേഹസമരം മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു

അന്തിക്കാട്: അന്തിക്കാട് സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകസമരം നടത്തി. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് രോഗി മരിക്കുകയും ഡോക്ടറില്ലാത്തതിനാൽ മൃതദേഹം വിട്ടുകിട്ടുന്നതിനായി അടുത്ത ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ടായതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റി പ്രതീകാത്മക മൃതദേഹ സമരം നടത്തിയത്. മുൻ ആരോഗ്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.പി. പ്രഭാകരന്റെ സ്മരണാർത്ഥമുള്ള ആശുപത്രിയിലാണ് ഈ സാഹചര്യം. മുൻപ് പ്രസവവും പോസ്റ്റ്‌മോർട്ടവും ഉൾപ്പെടെ നടന്നിരുന്ന ഈ ആശുപത്രിയിൽ ഇന്ന് പൂർണമായും ഡോക്ടർമാരുടെ സേവനം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. സമരം മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന പി.എ. മാധവൻ
ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അന്തിക്കാട് മണ്ഢലം പ്രസിഡന്റ് സകേഷ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഉപാദ്ധ്യക്ഷൻ ജോസ് വള്ളൂർ, കെ.പി.സി.സി മെമ്പർ സുനിൽ അന്തിക്കാട്, കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമേഷ് പാണാട്ടിൽ എന്നിവർ സംസാരിച്ചു.
കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയതിന് ജോസ് വളളൂർ ഉൾപ്പടെ 20 കോൺഗ്രസുകാർക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു