ഗുരുവായൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭാ അധികൃതർ പ്രതിപക്ഷത്തെ അവഗണിച്ചെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. കൊവിഡുമായി ബന്ധപ്പെട്ട പ്രവൃത്തികളിലൊന്നും പ്രതിപക്ഷത്തെ സഹകരിപ്പിച്ചില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. സമൂഹ അടുക്കളയും അഗതി ക്യാമ്പുമെല്ലാം ഡി.വൈ.എഫ്.ഐയുടേതാക്കി മാറ്റിയെന്ന് ബി.ജെ.പി അംഗം ശോഭ ഹരിനാരായണനും കുറ്റപ്പെടുത്തി.
എന്നാൽ ക്ഷണിച്ചില്ലെന്ന പേര് പറഞ്ഞ് ദുരന്തമുഖത്തു നിന്ന് വിട്ടു നിന്നത് ഏത് തരം രാഷ്ട്രീയ പ്രവർത്തനമാണെന്ന ചോദ്യവുമായാണ് ഭരണ പക്ഷം തിരിച്ചാക്രമിച്ചത്. തന്നെ കാര്യങ്ങൾ അറിയിച്ചില്ലെന്ന് പറയുന്ന ശോഭയുടെ പാർട്ടിയായ ബി.ജെ.പി നഗരസഭയുടെ ക്യാമ്പിൽ ഭക്ഷണം വിതരണം ചെയ്ത കാര്യം ചെയർപേഴ്‌സൻ എം. രതി ചൂണ്ടിക്കാട്ടി.
കൊവിഡ് കാലത്ത് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നഗരസഭ കാഴ്ചവച്ചതെന്നും അവകാശപ്പെട്ടു. വലിയ തോടിൽ ശ്രീകൃഷ്ണ സ്‌കൂളിന് മുന്നിലുള്ള ഭാഗത്തെ കയ്യേറ്റം ഒഴിപ്പിക്കാൻ കഴിയാത്ത അവസ്ഥ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ വിവരിച്ചു. ചെയർപേഴ്‌സൻ എം. രതി അദ്ധ്യക്ഷയായി.