എരുമപ്പെട്ടി: അഖില കേരള ശുദ്ധ മദ്ദളം വായ്ത്താരി മത്സരത്തിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് നെല്ലുവായ് സ്വദേശിനി യു. അനശ്വര അർഹയായി. കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. മദ്ദള കലയിലെ നന്ദികേശ്വരൻ കുളമംഗലത്ത് നാരായണൻ നായരാശാന്റെ പേരിലുള്ള എൻഡോവ്‌മെന്റിനാണ് അനശ്വര അർഹയായത്. ചെറുപ്രായത്തിൽ തന്നെ മദ്ദള വാദ്യത്തിൽ അരങ്ങേറ്റം നടത്തി വാദ്യ പ്രേമികളുടെ പ്രശംസ നേടിയിട്ടുള്ള അനശ്വര മദ്ദള വിദ്വാൻ നെല്ലുവായ് ശശിയുടെ ശിഷ്യയാണ്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അനശ്വര നെല്ലുവായ് കൃഷ്ണ നിവാസിൽ ഉണ്ണികൃഷ്ണൻ അഞ്ജലി ദമ്പതികളുടെ മകളാണ്.