ചാലക്കുടി: ഓൺലൈനിലൂടെ ജനങ്ങളുമായി സമ്പർക്കമുണ്ടാക്കി ചാലക്കുടി നഗരസഭയിലെ വാർഡ് കൗൺസിലർ ബിജു എസ്. ചിറയത്ത്. വെറുമൊരു സമ്പർക്കം മാത്രമല്ലായിരുന്നു അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന്റെ ലക്ഷ്യം. നൂറ്റിമുപ്പതോളം പേർ പങ്കെടുത്ത വാർഡ് സഭയും ഇതാദ്യമായി ഓൺ ലൈനിൽ സംഘടിപ്പിക്കാനായത് കൊവിഡ് കാലത്തെ മുനിസിപ്പൽ ഓഫീസ് വാർഡ് കൗൺസിലറുടെ മറ്റൊരു നേട്ടമായി.

കൊവിഡ് പ്രതിരോധം, വെള്ളപ്പൊക്കത്തിന്റെ മുന്നൊരുക്കങ്ങൾ എന്നീ രണ്ടു അജണ്ടകൾ മാത്രം സ്വന്തം വീട് മാസ്റ്റർ കേന്ദ്രമാക്കി സംഘടിപ്പിച്ച ഓൺലൈൻ സഭയിൽ അവതരിപ്പിച്ചു. ഒന്നര മണിക്കൂർ നേരം നീണ്ട യോഗത്തിൽ ഒരേ സമയം 88 പേരും ചർച്ചയിൽ പങ്കെടുത്തു.
വിദേശത്തെ ജോലി സ്ഥലത്തിരുന്ന് നാട്ടിലെ വാർഡ് സഭയിൽ പങ്കെടുക്കാനും പാട്ടുപാടാനും പടിഞ്ഞാറെ ചാലക്കുടിയിലെ ടെൽമ ഫെർട്ടലിന് ഭാഗ്യം ലഭിച്ചു. അമേരിക്കയിലെ പ്രവാസികളും യോഗത്തിൽ സംബന്ധിച്ചു. പ്രശസ്ത കലാകാരൻ തുമ്പൂർ സുബ്രഹ്മണ്യൻ പ്രാർത്ഥനാ ഗാനം ആലപിച്ചാണ് തന്റെ വാർഡ് സഭയിൽ പങ്കാളിയായത്.

ബെന്നി ബെഹന്നാൻ എം.പി ഓൺ ലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലായിരുന്നു ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറും, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജയും ആശംസൾ നേർന്നതും. കൊവിഡ് കാലത്ത് ബിജു ചിറയത്ത് സംഘടിപ്പിച്ച വാർഡ് സഭയെ അനുകരിക്കാൻ മറ്റു കൗൺസിലർമാരും ശ്രമം ആരംഭിച്ചിച്ചുണ്ട്.