ചാലക്കുടി: കാനറി നഗറിൽ നിയമ വിരുദ്ധമായി ക്വാറന്റൈനെത്തിയ കുടുംബത്തെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് മാറ്റുന്നതിന് നഗരസഭയും ആരോഗ്യ വകുപ്പും തീരുമാനിച്ചു. മഹാരാഷ്ട്രയിൽ നിന്നും വേളൂക്കര പഞ്ചായത്തിൽ എത്തിയ നാലംഗ കുടുംബത്തെയാണ് റവന്യു വകുപ്പു ഉദ്യോഗസ്ഥരുടെ കൂടി അനുവാദത്തോടെ മാറ്റി താമസിപ്പിക്കുന്നതിന് ധാരണയായത്.
സ്വന്തം വീടായ തുമ്പൂരിൽ ക്വാറന്റൈൻ ചെയ്യാനായിരുന്നു ഇവർക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി. എന്നാൽ വീട്ടിൽ വയോധികരുണ്ടെന്ന കാരണത്താൽ ചാലക്കുടിയിൽ വാടക വീട് തരപ്പെടുത്തുകയായിരുന്നു. ഇതു അംഗീകരിക്കാൻ നാട്ടുകാർ തയ്യാറായില്ല. തുടർന്നാണ് സമീപത്ത് നഗരസഭാ ചെയർമാൻ ജയന്തി പ്രവീൺകുമാർ അനുരഞ്ജന യോഗം നടത്തിയത്. ആരോഗ്യ, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.