തൃശൂർ : ലോക്ക് ഡൗണിൽ ജോലിയില്ലാതെ നട്ടം തിരിയുന്നവർ തൊഴിലുറപ്പ് പദ്ധതിയിലേക്ക് തിരിഞ്ഞതോടെ 20 ദിവസത്തിനുള്ളിൽ പണിക്കായി രജിസ്റ്റർ ചെയ്തത് ആയിരത്തോളം പേർ. നാൽപതിനും അറുപതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകളാണ് രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും. തൊഴിൽ നഷ്ടപ്പെട്ടവരും തൊഴിൽ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവരുമാണ് ജീവിതമാർഗം തേടി തൊഴിലുറപ്പിലേക്ക് തിരിഞ്ഞത്.

ലോക്ക് ഡൗൺ ഇളവ് വന്ന ശേഷം മേയ് എട്ട് മുതലാണ് ഇത്രയും അധികം പേർ രജിസ്റ്റർ ചെയ്തത്. പല സ്ഥാപനങ്ങളിലും ആഴ്ചയിൽ രണ്ടും മൂന്നും ദിവസം മാത്രമായി ജോലിക്കാരെ ക്രമീകരിച്ചതും ബസ് ചാർജ്ജ് വർദ്ധനവും ഇതിന് ആക്കം കൂട്ടി. തൊഴിലുറപ്പ് വേതനം വർദ്ധിപ്പിച്ചതും കൂടുതൽ തൊഴിൽ ദിനം ലഭിക്കാൻ സാദ്ധ്യതയുള്ളതിനാലും ഇനിയും കൂടുതൽ പേർ രജിസ്റ്റർ ചെയ്യുമെന്നാണ് കരുതുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന അംഗങ്ങളിൽ കൂടുതൽ 61 - 80 വയസിന് ഇടയിലുള്ളവരാണ്. ലോക്ക് ഡൗൺ നിയന്ത്രണത്തെ തുടർന്ന് ഇവരിൽ അറുപത്തഞ്ച് വയസു കഴിഞ്ഞവർക്ക് പണിക്കിറങ്ങാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവർക്ക് തൊഴിൽ കൊടുക്കുന്നത് സംബന്ധിച്ച തീരുമാനം വൈകിയേക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതികളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതും തൊഴിൽ ദിനങ്ങൾ ക്രമീകരിക്കുന്നതും. തദ്ദേശ സ്ഥാപനങ്ങളുടെ ആക്ഷൻ പ്ലാനിന് ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് അംഗീകാരം നൽകുക.

തൊഴിലുറപ്പ്

കാർഡ് നൽകിയിട്ടുള്ളത് 2,87,856 പേർക്ക്


രജിസ്റ്റർ ചെയ്തവരുടെ കണക്ക്

80 വയസിന് മുകളിൽ 9770
61 നും 80 നും ഇടയിൽ 1,13,201
51-60 1,03,727
ബാക്കിയുള്ളവർ 18 നും 50 ഇടയിൽ പ്രായമുള്ളവർ


സ്ത്രീകൾ 2,51,426
പുരുഷന്മാർ 36,430

നിലവിലെ കൂലി 291 രൂപ

മേയ് എട്ട് മുതൽ 27 വരെ പുതുതായി രജിസ്റ്റർ ചെയ്തത് 907 പേർ

ഏപ്രിൽ മുതൽ ഇന്നലെ വരെ തൊഴിലുറപ്പിന് ചെലവഴിച്ചത് 681.8 ലക്ഷം..