തൃശൂർ : അഖിലേന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അഖിലേന്ത്യാ സമരത്തിന്റെ ഭാഗമായി ജില്ലാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുമ്പിൽ കർഷകർ പ്രതിഷേധ സമരം നടത്തി. കൊവിഡിന്റെ മറവിൽ കൃഷിഭൂമി പിടിച്ചെടുക്കാനും, മിനിമം താങ്ങുവില നിഷേധിക്കാനുമുള്ള നിയമ ഭേദഗതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണ്. കാർഷിക കടം എഴുതി തള്ളുക, ഉത്പാദന ചെലവും 50 ശതമാനവും ചേർത്ത് താങ്ങുവില നൽകുക, അടച്ചു പൂട്ടലിനെ തുടർന്ന് ജീവിതോപാധികൾ നഷ്ടമായ എല്ലാവർക്കും ആറുമാസക്കാലത്തേക്ക് പതിനായിരം രൂപ ധനസഹായം നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരം. കിസാൻ സഭ നേതാവ് എം.ജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു.