തൃശൂർ: കൊവിഡ് ഭീതിക്കിടയിലും മലയോര പ്രദേശങ്ങളിലും കോർപറേഷൻ പരിധിയിലും വ്യാപിച്ച് ഡെങ്കിപ്പനി. ചാലക്കുടി, വരന്തരപ്പിള്ളി, മറ്റത്തൂർ, പരിയാരം തുടങ്ങിയ മലയോര പ്രദേശങ്ങളിലും അയ്യന്തോൾ, ചുങ്കം, പൂത്തോൾ, കോട്ടപ്പുറം, മുണ്ടത്തിക്കോട് ഭാഗങ്ങളിലാണ് കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. അതേസമയം ചാലക്കുടി, ഏങ്ങണ്ടിയൂർ, മാമ്പ്ര, അവിണിശ്ശേരി, പടിഞ്ഞാറെ വെമ്പല്ലൂർ എന്നിവിടങ്ങളിൽ എലിപ്പനി രോഗബാധിതരുമുണ്ട്. ഇടവിട്ട് പെയ്യുന്ന വേനൽ മഴയ്ക്ക് ശേഷമാണ് കൊതുകുശല്യം കൂടിയത്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുക് വഴിയാണ് ഡെങ്കി പകരുന്നത്. രോഗലക്ഷണം കണ്ടാൽ ഉടൻ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. ഡെങ്കി വൈറസ് രണ്ടാമത്തെ പ്രാവശ്യം ഒരാളിൽ പ്രവേശിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കൂടുതലാണ്.

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഛർദി


ശ്രദ്ധിക്കാൻ

കൊതുക് വളരുന്ന മലിനമായ സാഹചര്യം ഒഴിവാക്കുക

ചിരട്ടകൾ, കുപ്പികൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിറുത്തരുത്

വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ വലകൾ കൊണ്ട് കെട്ടിവയ്ക്കുക

കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്തുക


എലിപ്പനി മാരകം

എലിപ്പനി കൃത്യസമയത്ത്ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാം. പ്രധാനമായും എലിമൂത്രം കലർന്ന ജലം, മണ്ണ്, മാലിന്യങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ എന്നിവയിൽക്കൂടി ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്.


ലക്ഷണങ്ങൾ

വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ് , തൊലിപ്പുറത്ത് ചുവന്ന തടിപ്പ്

മേയിൽ ആകെ ഡെങ്കി: 35

എലിപ്പനി: 3

ഈ വർഷം ജനുവരി മുതൽ ഡെങ്കി: 59.

എലിപ്പനി: 6

................

കൊവിഡ് രോഗബാധയുടെ ആശങ്കകൾ നിലനിൽക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രത പാലിക്കണം

ഡോ. കെ.ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ