അമൃതം പദ്ധതിക്കായി വെട്ടിപൊളിച്ച കാഞ്ഞാണി ഏനാമാവ് റോഡ് ചെളിക്കുളമായപ്പോൾ
കാഞ്ഞാണി: അമൃതം കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പിടാനായി പൊളിച്ച റോഡിൽ നിറയെ ചെളി. ഇതോടെ ഗതാഗത തടസവും നിത്യ സംഭവമായി. കാഞ്ഞാണി കനാൽപ്പാലം മുതൽ ഏനാമാക്കൽ റെഗുലേറ്റർ വരെയാണ് റോഡ് തകർന്നത്. ആറ് മാസം മുമ്പാണ് കാഞ്ഞാണി ഭാഗത്തെ റോഡ് പൊളിച്ചത്. ഒന്നര മീറ്ററിലധികം വീതിയിലാണ് കാനകോരിയത്. അത്രതന്നെ താഴ്ചയുമുണ്ട്.
വേനലിൽ രൂക്ഷമായ പൊടിശല്യമായിരുന്നു. മഴ തുടങ്ങിയതോടെ പൈപ്പിടാനായി കോരിയ ചാലുകളിൽ വെള്ളം കെട്ടി നിൽക്കുകയാണ്.
ആറ് മീറ്റർ വീതിയുള്ളതാണ് റോഡ്. പൈപ്പിനായി പൊളിച്ചതോടെ വീതിയുംകുറഞ്ഞു. ചെളി നിറഞ്ഞു. അറ്റകുറ്റ പണി നടത്താത്തതിനാൽ വലിയ കുഴികളുമുണ്ട്. കാറോ, ബസോ മറ്റ് വലിയ വാഹനങ്ങളോ വന്നാൽ മാറി നടക്കാനിടമില്ലെന്ന് പുത്തൻകുളം ഭാഗത്തുള്ളവർ പറയുന്നു. വലിയ ഗതാഗത കുരുക്കും ഉണ്ടാകുന്നു. വാഹനങ്ങൾ ഉരഞ്ഞ് ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. പൊളിച്ച റോഡ് അടുത്ത ദിവസം ടാറിടണമെന്നുള്ളത് പാലിക്കുന്നില്ലെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.