ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം അനുഭവപ്പെട്ടു. പഞ്ചായത്തിലുള്ള ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടൽ ക്ഷോഭം ഉണ്ടായത്. തിരമാല ആർത്തലച്ച് വന്നതോടെ കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞൊഴുകി. പലയിടത്തും കരിങ്കൽ ഭിത്തി തകർന്നു കിടക്കുകയാണ്. ഭിത്തി തകർന്ന ഭാഗങ്ങളിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. കടലിൽ നിന്നും 100 മീറ്ററോളം ദൂരത്തിൽ കരയിലേക്ക് വെള്ളം ആഞ്ഞടിച്ചതോടെ കടലോരവാസികൾ പരിഭ്രാന്തരായി. കരിങ്കൽ ഭിത്തി തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അധികൃതർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.