തൃശൂർ: കൂട്ടം കൂടിയും മാസ്‌ക് ധരിക്കാതെയും വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയതോടെ വകുപ്പുകളുടെ ഏകോപനമുണ്ടായില്ലെന്ന ആക്ഷേപം ഉയർന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. സാമൂഹിക അകലം പാലിച്ചും മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചും കർശന നിയന്ത്രണങ്ങളോടെ നടത്തിയ പരീക്ഷ മുന്നൊരുക്കങ്ങൾ രണ്ടാം നാളിൽ പിഴച്ചതോടെ വിദ്യാഭ്യാസ വകുപ്പും പ്രശ്‌നത്തിൽ ഇടപെട്ടു. മന്ത്രിയുടെ ഓഫീസ് ജില്ലാ ഭരണകൂടത്തോടും വിദ്യാഭ്യാസ വകുപ്പിനോടും അടിയന്തരമായി ഇടപെടാൻ നിർദ്ദേശം നൽകി.
തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂളിൽ കുട്ടികൾ കൂട്ടം കൂടിയെത്തിയതും നിയന്ത്രണങ്ങൾ പാലിക്കാത്തതും ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. അടിയന്തര നടപടിക്ക് നിർദേശം നൽകിയതായി അധികൃതർ പറഞ്ഞു. സാമൂഹിക അകലം പാലിക്കാനും കുട്ടികൾ കൂട്ടം കൂടാതിരിക്കാനും ശ്രദ്ധ പുലർത്താൻ പൊലീസിനെയും സാനിറ്റൈസറും മാസ്‌കും നൽകാൻ അദ്ധ്യാപകരെയും തദ്ദേശ സ്ഥാപന പ്രതിനിധികളെയും പി.ടി.എ കമ്മിറ്റികളെയുമാണ് നിയോഗിച്ചിരുന്നത്. ആദ്യ ദിവസത്തിൽ ഏറെ കരുതലോടെയാണ് ഇതെല്ലാം പാലിച്ചത്. എന്നാൽ രണ്ടാം നാളിൽ ഇതെല്ലാം പാളി. തൃശൂർ നഗരത്തിൽ മോഡൽ ബോയ്‌സ് സ്‌കൂളിൽ നിയന്ത്രിക്കാനായി അദ്ധ്യാപകരോ പൊലീസോ ഉണ്ടായിരുന്നില്ല. സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് നമ്മളെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കെ, വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വീഴ്ചയാണ് ഇതിന് കാരണമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ് ആരോപിച്ചു. പൊലീസ്, വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകൾ, സ്‌കൂൾ, പി.ടി.എ കമ്മിറ്റികൾക്കായിരുന്നു നിയന്ത്രണം ഉറപ്പ് വരുത്തേണ്ട ചുമതല. എന്നാൽ ആരൊക്കെ എന്തൊക്കെ നിർഹിക്കുമെന്നതിൽ വ്യക്തതയുണ്ടായില്ലെന്നും പറയുന്നു.