മാള: മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ അനുബന്ധ സ്ഥാപനമായ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയുടെ തിയറ്റർ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു. ആശുപത്രി വികസനത്തിന്റെ രണ്ടാം ഘട്ടമായാണ് തിയറ്റർ കോംപ്ലക്സ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ആശങ്കയില്ലാത്ത ആരോഗ്യം എന്ന സന്ദേശം നൽകി തുടക്കം കുറിച്ച ആശുപത്രി മൂന്ന് ഘട്ടങ്ങളിലൂടെയാണ് പൂർണമായ നിലയിലേക്ക് ഉയർത്തുവാൻ പദ്ധതിയുള്ളത്.
അടുത്ത ഘട്ടത്തിൽ നഴ്‌സിംഗ് കോളേജ് അടക്കമുള്ള സ്ഥാപനങ്ങളും പദ്ധതിയിലുണ്ട്. അത്യന്താധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള വിശാലമായ തിയേറ്റർ കോംപ്ലക്സ് പ്രവർത്തനം തുടങ്ങിയത് ആശുപത്രി വികസന പ്രവർത്തനങ്ങളുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി & ആക്സിഡന്റ് ട്രോമാകെയറും എല്ലാവിധ ഓർത്തോ , ഗൈനക്, ഇ.എൻ.ടി, ജനറൽ & താക്കോൽദ്വാര സർജറികൾക്കും സജ്ജമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ഓപറേഷൻ തിയേറ്ററുകളും പ്രവർത്തനമാരംഭിച്ചു. വെന്റിലേറ്റർ സൗകര്യത്തോടു കൂടിയ ഐ.സി.യു, എൽ.ഡി.ആർ സൗകര്യമുള്ള ലേബർ റൂം, കിടത്തി ചികിത്സക്കുള്ള മുറികൾ, മെയിൽ, ഫീമെയിൽ & പീഡിയാട്രിക് വാർഡുകളും ആരംഭിച്ചിട്ടുണ്ട്.
ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ബി. അജിത്ത്കുമാർ, എല്ലുരോഗ വിഭാഗം മേധാവി ഡോ. ആന്റണി ജോസ്, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വിഭാഗത്തിലെ ഡോ.സി.വി. മേഴ്‌സി, ശിശുരോഗ വിഭാഗത്തിലെ ഡോ. രേഷ്മ രാജു, സി.ഇ.ഒ ഡോ. ആദർശ് കൃഷ്ണൻ, ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.കെ. സുധീഷ്‌ബാബു, ചെയർമാൻ പി.കെ. സാബു,ട്രസ്റ്റ് ട്രഷറർ കെ.വി. രാജു, ജോയിന്റ് സെക്രട്ടറി വി.എസ്. കർണൽസിംഗ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ തിയറ്റർ കോംപ്ലക്‌സിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്.