കൊടകര: മഹാപ്രളയത്തിൽ പുഴയിലേക്ക് ഇടിഞ്ഞുവീണ മരങ്ങളും മണ്ണും നീക്കാൻ നടപടി. പുഴയിലെ തടസം മാറ്റി ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ അഞ്ച് ദിവസത്തിനകം ആരംഭിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. 'അതിവർഷ ആശങ്കയിൽ കുറുമാലിപ്പുഴയോരവാസികൾ' എന്ന തലക്കെട്ടോടെ ജനങ്ങളുടെ ആശങ്ക കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
മന്ത്രി സി. രവീന്ദ്രനാഥിന്റെയും ടി.എൻ. പ്രതാപൻ എം.പി.യുടേയും ഇടപെടലുകളാണ് നടപടി വേഗത്തിലാക്കിയത്. കുറുമാലിപുഴയും മണലിപ്പുഴയും ഒഴുകുന്ന 21 പഞ്ചായത്തുകളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിനൊടുവിലാണ് തീരുമാനമുണ്ടായത്. ഇനിയൊരു പ്രളയം ഉണ്ടായാലും ജനങ്ങളെ ബാധിക്കാത്ത വിധം പുഴകളിലെ തടസം നീക്കണമെന്നാണ് നിർദ്ദേശം.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 21 പഞ്ചായത്തുകളും ജനകീയ സമിതികളും ചേർന്നാണ് പ്രവൃത്തികൾ നടത്തുക. ഇതിനായി വിവിധ പഞ്ചായത്തുകളിൽ ജനകീയ സമിതി രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മറ്റത്തൂർ പഞ്ചായത്തിലെ വാസുപുരം, മറ്റത്തൂർ, മൂലംകുടം വാർഡുകളുടെ പ്രതിനിധികൾ മൂലംകുടം സ്‌കൂളിൽ ഇന്ന് ഉച്ചതിരിഞ്ഞ് പഞ്ചായ്ത്ത് പ്രസിഡന്റ് പി.സി. സുബ്രന്റെ അധ്യക്ഷതയിൽ യോഗം ചേരും.