തൃശൂർ: ജൂൺ ഒമ്പത് അർദ്ധരാത്രി 12 ന് ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലായ് 31 അർദ്ധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം. കൊവിഡ് 19 ൻ്റെ പ്രതിരോധ നടപടിയുടെ ഭാഗമായി ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് അനുമതിയുള്ള ഇൻബോർഡ് വള്ളങ്ങളിൽ 30 പേരെ മാത്രമേ അനുവദിക്കൂവെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി സുഗന്ധകുമാരി പറഞ്ഞു. ഒരു ഇൻബോർഡ് വള്ളത്തിന് ഒരു കാരിയർ വള്ളം മാത്രം അനുവദിക്കും. അതിൽ അഞ്ച് തൊഴിലാളികളുണ്ടാകും. കടൽ പട്രോളിംഗിൽ ഫിഷറീസിനെ സഹായിക്കാനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പൊലീസിനെ ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിക്കും കോസ്റ്റൽ പൊലീസിനും നിർദേശം നൽകാനും യോഗത്തിൽ തീരുമാനമെടുത്തു.

എ.ഡി.എം. റെജി പി. ജോസഫ് അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രതിനിധി അഡ്വ. പി.ആർ വാസു, ധീവരസഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാത്താട്ട്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

നിർദ്ദേശങ്ങൾ ഇവ

നിരോധനത്തിന് മുമ്പ് തീരദേശത്ത് പ്രവർത്തിക്കുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും കേരള തീരം വിടണം

പരമ്പരാഗത വള്ളം ഉപയോഗിച്ചുള്ള ട്രോളിംഗും അനുവദിക്കില്ല

മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടിയെടുക്കും

നിരോധന കാലയളവിൽ തീരപ്രദേശത്തും ഹാർബറിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവത്കൃത ബോട്ടുകൾക്ക് ഇന്ധനം നൽകാൻ പാടില്ല

പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്ക് ഇന്ധനം നൽകാം

കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ഇക്കാലയളവിൽ തുറന്നുപ്രവർത്തിക്കാൻ പാടില്ല

ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകൾ പ്രവർത്തിക്കും.

മത്സ്യത്തൊഴിലാളി ബയോമെട്രിക് തിരിച്ചറിയൽ കാർഡ് നിർബന്ധമായി കരുതണം

ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും കളർകോഡിംഗ് പൂർത്തിയാക്കണം

തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും

കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനത്തിനുമായി ഒരു ബോട്ട് വാടകയ്ക്കെടുക്കും
അഞ്ച് സീ റെസ്‌ക്യു ഗാർഡുമാരെ നിയമിക്കും