എരുമപ്പെട്ടി: റോഡ് നിർമ്മാണം നടക്കുന്ന എരുമപ്പെട്ടി കരിയന്നൂരിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രിയിൽ അപകടത്തിൽപെട്ട് രണ്ട് വാഹനയാത്രക്കാർക്ക് പരിക്കേറ്റു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീറിന്റെ നേതൃത്വത്തിൽ നിർമ്മാണം തടഞ്ഞ് പ്രതിഷേധിച്ചു.

തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സൂചനാ ബോർഡുകൾ സ്ഥാപിച്ചു. കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി കരിയന്നൂരിൽ കലുങ്ക് പാലങ്ങളുടെ നിർമ്മാണമാണ് നടക്കുന്നത്‌. റോഡിന്റെ വീതി കുറവുള്ള ഭാഗങ്ങളിൽ വലിയ കുഴികളെടുത്തിട്ടുണ്ട്. നിർമ്മാണ സാമഗ്രികളായ മെറ്റൽ, ക്രഷർ സാൻഡ് എന്നിവ റോഡിൽ കൂട്ടിയിട്ടിട്ടുണ്ട്.

എന്നാൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പും കരാറുകാരനും തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ബൈക്കും, ഓട്ടോറിക്ഷയും നിർമ്മാണ സാമഗ്രികളിൽ കയറി മറിഞ്ഞ് വാഹനം ഓടിച്ചിരുന്നവർക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.