എരുമപ്പെട്ടി: സ്വദേശത്തേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കടങ്ങോട് പഞ്ചായത്തിൽ അതിഥി തൊഴിലാളികൾ കൂട്ടമായെത്തി. പന്നിത്തടത്ത് വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ബീഹാർ സ്വദേശികളായ 73 പേരാണ് ഇന്നലെ പഞ്ചായത്തിൽ കൂട്ടമായി എത്തിയത്. നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട ഇവരെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കളക്ടറെ വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് പാലക്കാട്ട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രിയിലുള്ള ട്രെയിനിൽ നാട്ടിലേക്ക് പോകാൻ ഇവർക്ക് സൗകര്യം ഒരുക്കി. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി വൈകീട്ടോടെ പഞ്ചായത്ത് ഇവരെ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, പഞ്ചായത്ത് മെമ്പർമാരായ പി.വി. പ്രസാദ്, ഷുക്കൂർ പന്നിത്തടം, യൂത്ത് കോ- ഓർഡിനേറ്റർ അനുഷ് സി. മോഹൻ, പഞ്ചായത്ത് എച്ച്.എസ്.സി രമാദേവി, ഉദ്യോഗസ്ഥരായ പ്രകാശൻ, രഘു, ഷെയ്ഖ്, ജിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.