പാവറട്ടി: നാല് പതിറ്റാണ്ട് തരിശായി കിടന്ന തിരുനെല്ലൂർ കോൾ പടവിൽ വിളവെടുപ്പ് ഉത്സവം നടന്നു. മുല്ലശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 3 വർഷം മുമ്പ് തുടങ്ങിയ പ്രവർത്തനത്തിനാണ് ഇപ്പോൾ ഫലം കണ്ടത്. കൃഷി ശാസ്ത്രജ്ഞൻ ഡോ. യു. ജയകുമാറിന്റെയും എ.ആർ.എസ് മേധാവി ലതയുടെയും ഉപദേശം കർഷകർക്ക് പ്രചോദനമായി മാറി.

ഇടിയൻചിറ കനാലിൽ നിന്ന് പുളിവെള്ളം കയറിയതോടെ 1980ൽ നിന്നുപോയ നെൽക്കൃഷിയാണ് നാട്ടുകാരുടെയുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കുട്ടായ്മയിൽ വീണ്ടും കതിരണിഞ്ഞത്. കെ.എൽ.ഡി.സി കനാലിൽ നിന്നും മുരളി പെരുനെല്ലി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് രണ്ട് ലക്ഷം രൂപ ചെലവിൽ ചാൽ നിർമ്മിച്ച് ശുദ്ധജലം പാടശേഖരത്തിൽ എത്തിച്ചാണ് കൃഷി പുനരാരംഭിച്ചത്.

45 ഏക്കറുള്ള പടവിൽ 15 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ഇറക്കിയത്. നൂറ് മേനിയിൽ വിളവെടുപ്പ് നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കർഷകർ. വിളവെടുപ്പ് ഉത്സവം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, ജനപ്രതിനിധികളായ സീമ ഉണ്ണിക്കൃഷ്ണൻ, ഷെറീഫ് ചിറക്കൽ, എ.കെ. ഹുസൈൻ, കൃഷി ഓഫീസർ റിസാമോൾ സൈമൺ, പടവ് ഭാരവാഹികളായ യു.കെ. ഇസ്മയിൽ, സെക്രട്ടറി എം.പി. സക്കീർ എന്നിവർ പങ്കെടുത്തു.