ഗുരുവായൂർ: സി.പി.എം സംഘടിപ്പിച്ച പരിപാടിയിൽ ആശംസകളുമായി കോൺഗ്രസ് കൗൺസിലർ. സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം പുത്തമ്പല്ലി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് കോൺഗ്രസ് വാർഡ് കൗൺസിലർ എ.ടി. ഹംസ ആശംസയുമായെത്തിയത്.
പുത്തമ്പല്ലി പാലഞ്ചേരി നാരായണൻ റോഡിൽ മേലിട്ട് ജോർജിന്റെ അരയേക്കർ സ്ഥലത്താണ് സി.പി.എം പുത്തമ്പല്ലി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. മരച്ചീനി, കൂർക്ക തുടങ്ങിയ പച്ചക്കറിത്തൈകളാണ് കൃഷി ചെയ്യുന്നത്. ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ എം. രതി കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സി. സുനിൽ കുമാർ, ലോക്കൽ കമ്മിറ്റി അംഗം കെ.ആർ. സൂരജ്, വാർഡ് കൗൺസിലർ എ.ടി. ഹംസ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു കോറോട്ട്, മേലിട്ട് ജോർജ്, എൻ.എസ് സഹദേവൻ എന്നിവർ സംസാരിച്ചു.