ചാവക്കാട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിനെ ചൊല്ലി നഗരസഭാ യോഗത്തിൽ ബഹളം. കൗൺസിൽ യോഗത്തിൽ അജണ്ട വായിച്ചതിന് ശേഷം പ്രതിപക്ഷ കൗൺസിലർ സൈസൺ മാറോക്കിയാണ് വിഷയം ആദ്യം അവതരിപ്പിച്ചത്. തന്റെ വാർഡിൽ മുംബയിൽ നിന്നെത്തിയ രണ്ടു പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും അടുത്ത ദിവസം ഇവരുടെ ക്വാറന്റൈൻ കാലാവധി തീരാനിരിക്കെ നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നുമായിരുന്നു സൈസന്റെ പരാതി.
രോഗലക്ഷണങ്ങളുണ്ടെങ്കിലേ കൊവിഡ് പരിശോധന നടത്തേണ്ടതുള്ളൂ എന്നായിരുന്നു നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ നൽകിയ മറുപടി. തുടർന്ന് പ്രതിപക്ഷത്തുനിന്ന് പി.എം. നാസർ വിഷയത്തിൽ സംസാരിച്ചപ്പോഴാണ് ഇരുപക്ഷവും തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായത്. പുറത്തുനിന്നെത്തുന്നവരെ ക്വാറന്റൈനിൽ താമസിപ്പിക്കുന്നതിൽ നഗരസഭ മതിയായ സൗകര്യം ഒരുക്കുന്നില്ലെന്നും ക്വാറന്റൈനിൽ താമസിക്കുന്നവരിൽ പലരും ബാത്ത് റൂം അറ്റാച്ച്ഡ് സൗകര്യമില്ലാതെയാണ് വീടുകളിൽ കഴിയുന്നതെന്നും നാസർ പറഞ്ഞതാണ് ഭരണപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്.
തുടർന്ന് അൽപ്പനേരം ഇരുപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചതോടെ കൗൺസിൽ ശബ്ദമുഖരിതമായി. വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെന്ന് കാണിച്ചാണ് ഇവർ നാട്ടിലെത്തിയതെന്നും പിന്നീട് അതേക്കുറിച്ച് പറയുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും ചെയർമാൻ തിരിച്ചടിച്ചു. തുടർന്ന് മറ്റൊരു പ്രതിപക്ഷ കൗൺസിലറായ ഷാജിത മുഹമ്മദും ക്വാറന്റൈനിലെ പോരായ്മയെ കുറിച്ച് പറയാൻ ഒരുങ്ങിയെങ്കിലും ക്വാറന്റൈനെ കുറിച്ചാണെങ്കിൽ പറഞ്ഞുകഴിഞ്ഞെന്നും ഇനി അതേക്കുറിച്ച് സംസാരിക്കേണ്ടെന്നും പറഞ്ഞ് ചെയർമാൻ കൗൺസിൽ യോഗം അവസാനിപ്പിച്ചു.