തൃശൂർ: ഒല്ലൂർ എടക്കുന്നി ജംഗ്ഷനിൽ ഇ.എസ്.ഐക്ക് അടുത്തുള്ള പുത്തൻപാടം തോട്ടിലെ അനധികൃത കൈയേറ്റം കോർപറേഷൻ തിരിച്ചു പിടിച്ചു. പുത്തൻപാടം ചെമ്മാട്ട് വഴിയിലെ തോട് സ്വകാര്യവ്യക്തികൾ കൈയേറി നികത്തിയതാണ് കോർപറേഷൻ തിരിച്ചുപിടിച്ചത്. കാൽനൂറ്റാണ്ടോളം മണ്ണുമൂടികിടന്ന എടക്കുന്നി പുത്തൻപാലം തോട് നാല് ലക്ഷം രൂപ ചെലവാക്കി പുനർ നിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും കടുത്ത വെള്ളപ്പൊക്കമാണ് ഈ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. വെള്ളം കയറി കോർപറേഷൻ പരിധിയിലെ 158 കുടുംബങ്ങളും പുത്തൂർ പഞ്ചായത്തിലെ 94 കുടുംബങ്ങളും വെള്ളത്തിലാകുന്ന അവസ്ഥയായിരുന്നു. അതിനാൽ ഇത്തവണ കാലവർഷം എത്തും മുമ്പേ രണ്ടു കിലോമീറ്റർ നീളമുള്ള തോട് മണ്ണുമാറ്റി പുനരുദ്ധരിക്കാൻ തീരുമാനിക്കുകയായിരുന്നു.