പഴുവിൽ : ചിറക്കൽ സെന്ററിലെ കെ.എസ്.ഇ.ബി ട്രാൻഫോർമർ എത് നിമിഷവും നിലം പൊത്താവുന്ന നിലയിൽ. കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചിറക്കൽ തോടിനു കുറുകെ ഡി.ഐ പൈപ്പുകൾ സ്ഥാപിച്ചതാണ് പ്രശ്നമായത്. കരുവന്നൂർ പുഴയിൽ നിന്നും ഗുരുവായൂരിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായാണ് പൈപ്പ് സ്ഥാപിച്ചത്. 400 മില്ലീമീറ്റർ വ്യാസമുള്ള രണ്ട് ഡക്സ്റ്റൈൽ അയേൺ പൈപ്പുകളിൽ സ്ഥാപിച്ചിട്ടുള്ള വാൽവിന്റെ സംയോജിപ്പിച്ച ചേംബർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ്.
കൂടാതെ തോട്ടിലേക്ക് പോവാനുള്ള വഴിക്ക് മാർഗ്ഗതടസ്സം സ്യഷ്ടിച്ചും കരിങ്കല്ലിൽ തീർത്ത സുരക്ഷാമതിൽ പൊളിച്ചുമാണ് നിർമ്മാണം. ഇത് മൂലം എതു നിമിഷവും ട്രാൻസ്ഫോർമാർ താഴെ വീഴാവുന്ന സ്ഥിതിയാണ്. അമൃത് പദ്ധതിയിലുൾപ്പെടുന്ന 136 കോടിയുടെ പദ്ധതി വാട്ടർ അതോറിറ്റിയുടെ നാട്ടിക പ്രോജക്ട് വകുപ്പാണ് നിർമ്മാണം നടത്തുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിച്ച് വരാനിരിക്കുന്ന ദുരന്തം ഒഴിവാക്കാൻ അധികൃതർ തയ്യാറാകണമെന്ന് ചിറക്കൽ പൗരസമിതി ആവശ്യപ്പെട്ടു.