തൃശൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ശേഷം 26 ന് പുനരാരംഭിച്ച എസ്.എസ്. എൽ. സി പരീക്ഷ അവസാനിച്ചു. കെമിസ്ട്രിയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30 നാണ് പരീക്ഷ അവസാനിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിങ്ങനെ മൂന്ന് പരീക്ഷകളാണ് രണ്ട് മാസക്കാലം നടത്താൻ കഴിയാതെ വന്നത്. അൽപ്പം കാത്തിരിക്കേണ്ടി വന്നെങ്കിലും മൂന്ന് പരീക്ഷകളും എളുപ്പമായതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികൾ. 259 പരീക്ഷാ കേന്ദ്രങ്ങളിലായി 35,319 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. മാർച്ച് മാസത്തിൽ പൂർത്തിയാക്കിയ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ മെയ് 18 ന് ആരംഭിച്ചിരുന്നു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകൾ നാളെയാണ് അവസാനിക്കുക.