തൃശൂർ : മദ്യവിൽപ്പന ആരംഭിച്ച് ആദ്യ ദിനം ബിവറേജസ് കോർപഷന്റെ ഔട്ട് ലെറ്റുകൾ വഴി വിറ്റഴിച്ചത് 2.13 കോടി രൂപയ്ക്കുള്ള മദ്യം. ബാറുകൾ, ബീയർ ആൻഡ് വൈൻ പാർലറുകൾ വഴിയും വിൽപ്പന നടന്നിരുന്നു. തൃശൂർ ബെവ്‌കോ വെയർ ഹൗസിന്റെ കീഴീലുള്ള 15 ഔട്ട്‌ലെറ്റുകളിൽ മാത്രം 1.34 കോടിയുടെ മദ്യം വിറ്റപ്പോൾ ചാലക്കുടി വെയർഹൗസിന്റെ കീഴിലുള്ള പത്ത് എണ്ണത്തിൽ 79.82 ലക്ഷം രൂപയുടെ വിൽപ്പന നടന്നു.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് ബീവറേജസ് കോർപറേഷൻ പുറത്തിറക്കിയ പ്രത്യേക ആപ്പിലുടെ രജിസ്റ്റർ ചെയ്തവർക്ക് വിവിധ കേന്ദ്രങ്ങളിലൂടെ മദ്യം നൽകിയത്. സമൂഹിക അകലം പാലിച്ചായിരുന്നു വിൽപ്പന. ഒരേ സമയം അഞ്ച് പേർക്ക് മാത്രമെ ക്യുവിൽ നിൽക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. അതേ സമയം ബാറുകളിൽ ഈ നിയന്ത്രണം പാലിച്ചിരുന്നില്ല. പല ബാറുകൾക്ക് മുന്നിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. കമ്പി കൊണ്ട് ബാരിക്കേഡ് ഉണ്ടാക്കി അഞ്ച് പേർക്ക് നിൽക്കാവുന്ന തരത്തിൽ ഒരു മീറ്റർ അകലത്തിൽ കളം വരച്ചിരുന്നു. ഒരാൾക്ക് മദ്യം വാങ്ങാൻ അനുവദിക്കപ്പെട്ട സമയം 15 മിനിറ്റായിരുന്നു.

മദ്യം ബുക്ക് ചെയ്ത ഭൂരിഭാഗം പേരും ബാറുകളുടെയും ഔട്ട്‌ലെറ്റുകളുടെയും പരിസരങ്ങളിൽ തമ്പടിച്ച് നിന്നിരുന്നു. പൊലീസ്, എക്‌സൈസ്, ബെവ്‌കോ ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ടായിരുന്നു.
എന്നാൽ ബാറുകൾക്ക് മുന്നിൽ ഇത്തരം സംവിധാനം കുറവായിരുന്നു. സാമുഹിക അകലം പാലിക്കാതെയായിരുന്നു വരികൾ. തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് അകത്തേക്ക് കടത്തി വിട്ടത്.

പ്രവർത്തനം തുടങ്ങിയ മദ്യവിൽപ്പന കേന്ദ്രങ്ങൾ

ബാറുകൾ 81
ബിയർ ആൻഡ് വൈൻ പാർലറുകൾ 45
ബിവറേജ് ഔട്ട് ലൈറ്റുകൾ 25


തൃശൂർ വെയർഹൗസിന്റെ കീഴിൽ വിൽപന നടന്നത്
1.34 കോടി
ചാലക്കുടിയിൽ വെയർ ഹൗസിന് കീഴിൽ 79.82 ലക്ഷം

കൂടുതൽ മദ്യ വിൽപ്പന നടന്നത്


ചാലക്കുടി പൊക്ലായി ഔട്ട്‌ലെറ്റിൽ -12.08 ലക്ഷം

തൃശൂർ കുറുപ്പം റോഡ് ഔട്ട് ലെറ്റ്-11 ലക്ഷം


കള്ള് ഷാപ്പുകളിലേക്ക് ഒഴുക്ക് കുറഞ്ഞു

മദ്യ വിൽപ്പന ശാലകൾ തുറന്നതോടെ, കഴിഞ്ഞ ദിവസം വരെ നീണ്ട നിര കണ്ടിരുന്ന ജില്ലയിലെ മദ്യഷാപ്പുകളിൽ തിരക്ക് കുറവായിരുന്നു. ജില്ലയിൽ ലൈസൻസുള്ള 726 ഷാപ്പുകളിൽ 625 എണ്ണം തുറന്നിട്ടുണ്ട്. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ നിന്ന് പെർമിറ്റ് നൽകി കള്ള് കൊണ്ട് വരുന്നുമുണ്ട്.