ചിറക്കൽ : ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.എം.എസ് സമുന്നത നേതാവുമായിരുന്ന ടി..വി ബാബുവിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്മൃതി മണ്ഡപം സമർപ്പിച്ചു. കെ.പി.എം.എസ് തൃശൂർ യൂണിയന്റെ നേതൃത്വത്തിലാണ് മണ്ഡപം നിർമ്മിച്ചത്. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മണ്ഡപ സമർപ്പണം നടത്തി. അടിസ്ഥാന ജനവിഭാഗങ്ങളെയും അവർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മാത്രമായിരുന്നു ടി. വി ബാബുവിന്റെ ചിന്തയെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബാബുവിന്റെ വേർപാട് ഒരു സത്യമായി അംഗീകരിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങളും നിലപാടുകളും എപ്പോഴും കൂടെ ഉണ്ടാകുമെന്നും തുഷാർ അഭിപ്രായപ്പെട്ടു.
അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ശബ്ദവും കരുത്തും നൽകാനാണ് ടി.വി ബാബു തന്റെ ജീവിതം മാറ്റിവെച്ചതെന്ന് മുഖ്യാതിഥിയായിരുന്ന ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. ഗീതാ ഗോപി എം.എൽ.എ, കെ.പി.എം.എസ് സംസ്ഥാന നേതാക്കളായ എൻ.കെ നീലകണ്ഠൻ മാസ്റ്റർ, വി.സി ശിവരാജൻ, കെ.എ തങ്കപ്പൻ, പി.കെ രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, സെക്രട്ടറി സി.എ ശിവൻ, അജിത കൃഷ്ണൻ, യൂണിയൻ നേതാക്കളായ കെ.ടി ചന്ദ്രൻ, സി.കെ ലോഹിതാക്ഷൻ, എ.എ ദാസൻ, കെ.കെ അയ്യപ്പൻ, പി.ആർ സന്തോഷ് എന്നിവർ പങ്കെടുത്തു.