വടക്കാഞ്ചേരി: ഇതര സംസ്ഥാനത്തു നിന്നും വന്നയാൾ ക്വാറന്റൈനിൽ കഴിയാതെ അത്താണിയിലും സമീപ പ്രദേശങ്ങളിലും കറങ്ങി നടന്ന വിവരം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടയം സ്വദേശിയായ യുവാവാണ് അത്താണിയിലെത്തിയത്. ദില്ലിയിൽ നിന്നും രാജധാനി എക്സ്പ്രസിൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവാവ് കോട്ടയത്തുള്ള വീട്ടിൽ ക്വാറന്റൈനിൽ സൗകര്യമില്ലാത്തതിനാൽ നേരത്തെ ജോലി ചെയ്തിരുന്ന അത്താണിയിലേക്ക് വരികയായിരുന്നു. അത്താണിയിലെ എ.ടി.എം കൗണ്ടറിൽ നിന്നും പണമെടുത്ത ശേഷം ഹോട്ടലിൽ നിന്ന് ചായ കഴിച്ചതായും പറയുന്നു. സംഭവമറിഞ്ഞെത്തിയ വടക്കാഞ്ചേരി പൊലീസ് ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന രേഖകളിൽ ഇയാൾക്ക് അസുഖമില്ലെന്ന് കണ്ടെത്തി. പുറത്തു നിന്നും വന്നയാൾ ക്വാറന്റൈനിൽ ഇരിക്കണമെന്ന നിർദ്ദേശപ്രകാരമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.