കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ കൃഷി ചലഞ്ചിന്റെ ഭാഗമായി കൊള്ളിക്കമ്പ് വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കാർഷികമേഖലയെ ശക്തിപ്പെടുത്തുക, എല്ലായിടത്തും കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൊള്ളി കമ്പ് വിതരണം ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സിദ്ധീഖ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. കെ.എസ്.ടി.എ. കൊടുങ്ങല്ലൂർ ഉപജില്ല ഒരുക്കുന്ന കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളായ അഹമ്മദ് കബീർ, ബിന്ദു സന്തോഷ്, കെ.എസ്.ടി.എ നേതാക്കളായ സി.എ നസീർ, പി.എ മുഹമ്മദ് സിദ്ദീഖ്, ടി.എസ് സജീവൻ, കെ.ആർ വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു. ഒരേക്കർ സ്ഥലത്ത് കൊള്ളി, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ. കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി ആരംഭിച്ച ജൈവ പച്ചക്കറി കൃഷി ജില്ലാ കമ്മിറ്റി അംഗം റീമ ഹമീദ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് സെക്രട്ടറി ഹസ്‌ഫൽ, പ്രസിഡന്റ്‌ കെ.കെ ഹാഷിക്, മേഖല സെക്രട്ടറി സ്വാതി ആനന്ദ്, പ്രസിഡന്റ്‌ നവനീത് എന്നിവർ സംബന്ധിച്ചു. സി.പി.എം പൂവ്വത്തുംകടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെയും കൊള്ളി കൃഷിയുടെയും ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ്, മഹിളാ അസോസിയേഷൻ നേതാക്കളായ അഡ്വ. സുമതി സുന്ദരൻ, ജീജ അസീസ്, പൂവത്തുംകടവ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എൻ.കെ അനിലൻ, കെ.പി പ്രേമദാസൻ, പി.ടി സുരേഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി കെ.വി സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഏകദേശം എഴുപത് സെൻ്റോളം വരുന്ന സ്ഥലത്താണ് കൃഷി ആരംഭിക്കുന്നത്. വെണ്ട, തക്കാളി, വഴുതനങ്ങ, പച്ചമുളക്, ചേന, കൂർക്ക തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.