ayush
അപരാജിത ധൂമചൂർണ്ണം സംബന്ധിച്ച പഠന, പരീക്ഷണങ്ങളുടെ റിപ്പോർട്ട് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസിന് ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ.പി.ആർ. സലജകുമാരി കൈമാറുന്നു

തൃശൂർ: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് അപരാജിത ധൂമചൂർണ്ണം പുകച്ച് ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ ആദ്യപഠനത്തിൽ ബാക്ടീരിയ 99.25 ശതമാനവും ഫംഗസ് 98.92 ശതമാനവും കുറഞ്ഞതായി കണ്ടെത്തി. മൂന്ന് ദിവസം തുടർച്ചയായി നടത്തിയ പുകയ്ക്കലിന് ശേഷമാണിത്. പഠന, പരീക്ഷണങ്ങളുടെ സമഗ്ര റിപ്പോർട്ട് തൃശൂർ ജില്ലാ കളക്ടർക്ക് കൈമാറി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടി വികസിപ്പിക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് ആയുഷ് വിഭാഗത്തോട് നിർദ്ദേശിച്ചിരുന്നു.

ഇതനുസരിച്ചാണ് അണുനശീകരണം ലക്ഷ്യമിട്ടുള്ള പരീക്ഷണം മൈക്രോബയോജസ്റ്റിന്റെയും മറ്റ് വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ഒമ്പതു ദിവസങ്ങളിലായി ആസൂത്രണം ചെയ്തത്. കോട്ടപ്പടിയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഒമ്പത് ദിവസമായിരുന്നു പരീക്ഷണം.

നാഷണൽ ആയുഷ് മിഷൻ, ഭാരതീയചികിത്സാ വകുപ്പ് ഡയറക്ടർമാർക്കും ആയുഷ് സെക്രട്ടറിക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ ആശുപത്രികളിലും സ്കൂളുകളിലും രോഗാണുസാദ്ധ്യതയുളള മറ്റിടങ്ങളിലുമെല്ലാം ചൂർണ്ണം വ്യാപകമായും സ്ഥിരമായും പുകയ്ക്കുന്നതിന് തീരുമാനമെടുത്തേക്കും. ആദ്യ മൂന്ന് ദിനം പുകയ്ക്കാതെ വായു തന്മാത്രകളിൽ പഠനം നടത്തി. ആദ്യദിനം പുകച്ചപ്പോൾ 95, 96 ശതമാനം വീതം ബാക്ടീരിയയും ഫംഗസും കുറഞ്ഞിരുന്നു. ഭക്ഷ്യവസ്തുക്കൾ കേടുവരുത്തുന്ന, പ്രതിരോധശേഷി കുറയുന്നവരെ ബാധിക്കുന്ന ഫംഗസുകൾ ഇവ ഗണ്യമായി കുറഞ്ഞു. അപൂർവമായി കാണുന്ന ചില ഫംഗസും പഠനത്തിൽ കണ്ടെങ്കിലും അവയും പുകച്ചശേഷം ഇല്ലാതായി. പുകയേൽക്കുന്നതുകൊണ്ട് തൊഴിലാളികൾക്ക് യാതൊരു പാർശ്വഫലങ്ങളില്ലെന്നും വ്യക്തമായി. പുകച്ചശേഷം ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ച വളരെ കുറയുന്നതായും കണ്ടെത്തി.

പുകയ്ക്കുന്നതിന് മുമ്പ്

ബാക്ടീരിയ കോളനി: 8025

ഫംഗസ് : 835

പുകച്ചശേഷം ബാക്ടീരിയ: 60

ഫംഗസ്: 9

പുകയ്ക്കാതെ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ

ബാക്ടീരിയ കോളനി: 100 മാത്രം

അപരാജിത ധൂമചൂർണ്ണത്തിൽ

8 തരം മരുന്നുകൾ:


ഗുൽഗുലു, നാന്മുഖപുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പിൻതൊലി, എരുക്ക്, അകിൽ, ദേവദാരു.

പഠന സംഘത്തിൽ 13 പേർ

പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി.ആർ. സലജകുമാരി, ഡോ. ജോസ്. ടി. പൈകട, ആയുഷ് ഡി.പി.എം. ഡോ. എൻ.വി ശ്രീവൽസ്, മൈക്രോ ബയോളജിസ്‌റ്റ് സുമിത സന്തോഷ്...

അപരാജിത ധൂമചൂർണ്ണം നൽകിയത് :

1250 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ. താമസക്കാർ: 32,000 .

............................


മരുന്ന് പ്രത്യേകം വാങ്ങി പൊടിച്ചാണ് പഠനം നടത്തിയത്. ആയുർവേദ മരുന്ന് നിർമ്മിക്കുന്ന ഫാക്ടറികളിലാണ് മുമ്പ് ഇത്തരം പരീക്ഷണം നടത്തിയിട്ടുള്ളത്. ജനങ്ങൾക്കിടയിൽ പഠനം നടന്നിട്ടില്ല. അടച്ചിട്ട സ്കൂളുകളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും ഇത് പുകയ്ക്കുന്നത് ഫലപ്രദമാണെന്ന് ഇതോടെ ശാസ്ത്രീയമായി തെളിഞ്ഞു ''

ഡോ. പി.ആർ സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാവകുപ്പ്.