തൃശൂർ: കോലഴി പഞ്ചായത്തിലെ പാമ്പൂരിൽ മയൂര ബേക്കറിയിൽ നിന്ന് വാങ്ങിയ ഗാലക്സി ചോക്ലേറ്റ് ഫംഗസ് ബാധയെ തുടർന്ന് ഭക്ഷ്യ യോഗ്യമല്ല എന്ന പരാതി ഉയർന്നതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. രണ്ടു ബാച്ച് മിഠായി പരിശോധനയ്ക്ക് ശേഖരിച്ച് എറണാകുളം റീജ്യയണൽ അനാലിറ്റിക്കൽ ലബോറട്ടറിയിൽ അയച്ചു. പരാതിക്കാരൻ ഹാജരാക്കിയ ബാച്ചും കടയിൽ വില്പനയ്ക്ക് വെച്ചിരുന്ന മറ്റൊരു ബാച്ചുമാണ് അയച്ചത്.
ഉപയോഗ കാലാവധി കഴിയാത്ത ചോക്ലേറ്റാണ് പരാതിക്ക് ഇടയാക്കിയത്. ബേക്കറി വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടർന്ന് അടച്ചു പൂട്ടി. പിഴ ചുമത്താൻ ശുപാർശ നൽകി. അസിസ്റ്റന്റ് കമ്മിഷണർക്ക് മുമ്പിൽ ഹാജരായി പിഴ അടക്കണം. ബോർമയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കറ പിടിച്ചു വൃത്തിഹീനമായിരുന്നു. ഭക്ഷ്യ സുരക്ഷാ ലൈസൻസും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെയാണ് ബേക്കറി ഉത്പന്നങ്ങൾ നിർമിച്ചു വിറ്റിരുന്നത്. കമ്പനി നിർദേശിക്കുന്ന ഊഷ്മാവിൽ സൂക്ഷിക്കാത്തതിനാലാണ് ചോക്ലേറ്റ് കേടായത്. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം ഫുഡ് സേഫ്റ്റി ഓഫീസർ വി. കെ. പ്രദീപ് കുമാറാണ് നടപടി സ്വീകരിച്ചത്.