കൊടുങ്ങല്ലൂർ: കിടപ്പാടം പിന്നാമ്പുറത്തായിപ്പോയതിനാൽ കുടിവെള്ളം ശേഖരിക്കാൻ പെടാപ്പാട് പെട്ടിരുന്ന പട്ടികജാതി കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയായി. എടവിലങ്ങിലെ കാരക്കും കുഞ്ഞയിനിക്കുമിടയിലുള്ള കാര പാലത്തിന് തെക്ക് ഭാഗത്തായി പെരുന്തോടിനോട് ചേർന്ന് താമസിക്കുന്ന എട്ടോളം കുടുംബങ്ങൾക്കാണ് വീട്ടുമുറ്റത്ത് കുടിവെള്ളം ലഭ്യമാക്കിയത്.

വിളിപ്പാടകലെ കുടിവെള്ളം ലഭ്യമായിട്ടും അവിടേക്കെത്താൻ കടമ്പകളേറെ താണ്ടിയാണിവർ കുടിവെള്ളം ശേഖരിച്ചത്. മഴക്കാലത്ത് ഇവിടെ മുട്ടോളം വെള്ളമുറപ്പാണ്. ഇക്കാലത്ത് കുടിവെള്ളം ശേഖരിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവരുടെ തൊട്ടരികിലേക്കിപ്പോൾ കുടിവെള്ള പൈപ്പെത്തി. പൊതുനിരത്തിലേക്കെത്താനുള്ള ദുർഘടാവസ്ഥകളാണ് ഇവിടെയുള്ളവർക്ക് കുടിവെള്ളം ശേഖരിക്കാൻ പെടാപ്പാടുണ്ടാക്കിയത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുടിയായ വാർഡ് അംഗം സുമ വത്സന്റെ ഇടപെടലിനൊപ്പം ഇ.ടി ടൈസൻമാസ്റ്റർ എം.എൽ.എയുടെ പ്രത്യേക താൽപ്പര്യവുമാണ് ഇവർക്ക് ആശ്വാസമായത്. തന്റെ സ്വന്തം വാർഡെന്ന നിലയിൽ ഇവരുടെ ദുരിതം തൊട്ടറിഞ്ഞ ടൈസൻ മാസ്റ്റർ, എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 2.30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവർക്ക് പ്രശ്ന പരിഹാരമുറപ്പാക്കിയത്..