എം.പി.വീരേന്ദ്രകുമാർ എന്ന് കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും പത്രത്തിലൂടെയും മറ്റും വായിക്കുമ്പോഴും ഞാൻ മനസിൽ കരുതി, അദ്ദേഹം ഒരു പത്രമുതലാളിയാണല്ലോ അങ്ങനെയൊരാൾക്ക് എന്തും എഴുതാമല്ലോ എന്ന്. സ്വന്തമായി പത്രം ഉണ്ടല്ലോ എന്നൊക്കെ തോന്നി. ആരെങ്കിലും സഹായിക്കുന്നുണ്ടാവും എന്നും വിചാരിച്ചു. വീരേന്ദ്രകുമാർ എഴുതിയതാവില്ല എന്നു തന്നെയാണ് ആദ്യകാലങ്ങളിൽ ഉറച്ച് വിശ്വസിച്ചത്. നമ്മൾ കണ്ടിട്ടുണ്ടല്ലോ അങ്ങനെയുളളവരെ. പിന്നീടും അദ്ദേഹത്തിന്റെ പ്രസ്താവനകളും പുസ്തകങ്ങളും വായിച്ചു. പിന്നെ ഒരിക്കൽ പ്രസംഗം കേട്ടപ്പോൾ മനസിലായി, ആരെങ്കിലും ഫീഡ് ചെയ്തു കൊടുത്തിട്ടൊന്നും ഇങ്ങനെ പറയാനാവില്ലെന്ന്. വെറും പത്രമുതലാളി അല്ല എന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം എഴുത്തുകാരനാണ്, കലാകാരനാണ്, സാഹിത്യകാരനാണ് എന്നും തിരിച്ചറിഞ്ഞു. എന്നെങ്കിലും പരിചയപ്പെടണമെന്ന് മോഹിച്ചു. ഒരിക്കൽ മാതൃഭൂമി ലേഖകനോട് അത് പറയുകയും ചെയ്തു. കോഴിക്കോട് വെച്ച് കാണണമെന്നും ആഗ്രഹം അറിയിച്ചു. പക്ഷേ സാധിച്ചില്ല. പിന്നീട് കാൻസർ പിടിപെട്ട് ഞാൻ വീട്ടിലിരിക്കുമ്പോൾ കാണാൻ വന്നു. അന്ന് ഞാൻ വെറും സിനിമാനടൻ മാത്രമാണല്ലോ. അതിനപ്പുറത്ത് ആരുമല്ല. എന്നിട്ടും അദ്ദേഹം വന്നു. കാര്യമായിട്ട് കുറേനേരം സംസാരിച്ചു. അസുഖമായതുകൊണ്ടാകാം പെട്ടെന്ന് ഇങ്ങനെ ഒരു കൂടിക്കാഴ്ചക്ക് അവസരം കിട്ടിയതെന്ന് പറഞ്ഞാണ് മടങ്ങിയത്. പിന്നീടൊരിക്കൽ, അദ്ദേഹത്തിന്റെ കുടുംബത്തിലെ സ്ത്രീക്ക് കാൻസർ വന്ന കാര്യം വളരെ സങ്കടത്തോടെ പറഞ്ഞതും ഓർക്കുന്നു.

പിന്നീട് ഞാൻ എം.പി.യായി. അദ്ദേഹവും എം.പിയായി. എന്റെ ഡൽഹിയിലെ ഫ്ളാറ്റിലെത്തി, കുറേ നേരം സംസാരിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ കുറേ കാര്യങ്ങൾ പറഞ്ഞു. കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റും ബി.ജെ.പിക്കാരനും നമ്മുടെ നാട്ടിലുണ്ട്. പൂർണമായി ഒരു പാർട്ടിയിൽ വിശ്വസിച്ച് അതാണ് വലുതെന്ന് പറയുമ്പോൾ തന്നെ, വിമർശിക്കേണ്ട സമയത്ത് പാർട്ടിയെ വിമർശിക്കുന്നവർ കുറവാണ്. അതാണ് ശരിയായ രാഷ്ട്രീയക്കാരൻ. അങ്ങനെയുള്ള നേതാവാണ് അദ്ദേഹം. ഞാനെഴുതിയ 'കാൻസർ വാർഡിലെ ചിരി ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ക്ഷണിച്ചത് അദ്ദേഹത്തെയാണ്. അപ്പോൾ എന്റെ മകൻ സോണറ്റ് പറഞ്ഞു, ഇദ്ദേഹത്തിന് പുസ്തകത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയുമോ, വായിച്ചിട്ടുണ്ടാവുമോ എന്ന് . എറണാകുളം ലേക് ഷോർ ആശുപത്രിയിൽ കാൻസർ വിദഗ്ധനായ ഡോ.ഗംഗാധരന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഞാൻ മകനോട് പറഞ്ഞു ഞാൻ മനസിലാക്കിയ വീരേന്ദ്രകുമാർ ആണെങ്കിൽ അദ്ദേഹം പുസ്തകം വായിച്ചിട്ടുണ്ടാകുമെന്ന് . അത് ശരിയായിരുന്നു. ഒരു മണിക്കൂർ അദ്ദേഹം സംസാരിച്ചു. ഞാൻ എഴുതിയതിനും ആലോചിച്ചതിനും അപ്പുറത്തുളള കാര്യങ്ങൾ പറഞ്ഞു. മനസിൽ സുഖവും രോഗം ഭേദമാകും എന്ന ആത്മവിശ്വാസവും ഉണ്ടെങ്കിൽ മരുന്നിനേക്കാൾ പ്രധാനം അതാണെന്നും അത് ശരീരത്തിൽ കാണാം എന്നും അദ്ദേഹം പറഞ്ഞു. മരുന്ന് മാത്രമല്ല, എല്ലാം നേരമ്പോക്കിലൂടെ കാണുക എന്നതാണ് പ്രധാനമെന്നും . അപ്പോഴാണ് മകനും ഡോക്ടർമാർക്കുമെല്ലാം മനസിലായത്, വെറും രാഷ്ട്രീയക്കാരൻ മാത്രമല്ല കാര്യങ്ങൾ തിരിച്ചറിയുന്ന വ്യക്തിയാണ് ഈ മനുഷ്യനെന്ന്. ഇരിങ്ങാലക്കുടയിലെ വീട്ടിലും ഡൽഹിയിലും അദ്ദേഹം കാണാൻ എത്തിയത് എന്റെ ഭാഗ്യമാണ്. ആ വേർപാട് വലിയ നഷ്ടമാണ്. വീരേന്ദ്രകുമാറിൽ നിന്ന് പഠിക്കാൻ ഒരു പാടുണ്ട്. ആത്മാവിന് നിത്യശാന്തി...