തൃശൂർ: ലോക്ക്ഡൗൺ നാലാം ഘട്ടം കൂടി പിന്നിട്ടതോടെ യാത്രാക്ളേശം ഒഴിവാക്കാൻ കൊവിഡ് പ്രതിരോധ ഉപാധികളോടെ ഹ്രസ്വദൂര ട്രെയിൻ സർവീസ് പരിഗണിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. സ്ഥിരം ട്രെയിൻ യാത്രക്കാരായ ആയിരക്കണക്കിന് തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളിലെ സാധാരണ ജീവനക്കാരും ഇതിനായി കാത്തിരിപ്പിലാണ്. ഹ്രസ്വദൂര ട്രെയിനുകൾ ഓടിയാൽ, തൊഴിലും കൂലിയുമില്ലാതെ ജീവിക്കാൻ പാടുപെടുന്ന ഇവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. പലർക്കും തൊഴിലിടങ്ങളിലേക്ക് പോകാൻ കഴിയുന്നില്ല. ടെമ്പോയും കാറുകളും മറ്റ് സ്വകാര്യസർവീസുകളും അധികചാർജ് കൊടുത്ത് ഏർപ്പാടാക്കിയാണ് യാത്ര. അതിനേക്കാൾ സുരക്ഷിതമായി ട്രെയിൻ വഴി യാത്ര ചെയ്യാനാകും. വൈറസ് വ്യാപനം പരമാവധി പ്രതിരോധിച്ച് സംസ്ഥാനത്ത് ഇത്തരം സർവീസ് പ്രത്യേകമായി ആരംഭിക്കുന്നതിനുള്ള നിർദ്ദേശം മുഖ്യമന്ത്രിക്ക് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ചിട്ടുണ്ട്.
നാലോ അഞ്ചോ മേഖലകളാക്കി തിരിച്ച്, ഏതാനും ജില്ലകൾ മാത്രം ഉൾപ്പെടുന്ന മേഖലയിൽ പ്രത്യേക ട്രെയിനുകൾ രാവിലെയും വൈകിട്ടും വേണമെന്നാണ് പ്രധാന ആവശ്യം. ഒമ്പതിന് ലക്ഷ്യസ്ഥാനത്തെത്തി അഞ്ചരയ്ക്ക് ശേഷം മടങ്ങുന്ന ട്രെയിനുകൾ ജീവനക്കാർക്ക് ഏറെ ഉപകരിക്കും. പ്രതിദിന ടിക്കറ്റുകൾ ഒഴിവാക്കി, സീസൺ ടിക്കറ്റുകളുള്ളവരെ പ്രോത്സാഹിപ്പിച്ചാലും യാത്രികരെ പെട്ടെന്ന് തിരിച്ചറിയാനുമാകും.
നിവേദനത്തിലെ മറ്റ് നിർദ്ദേശങ്ങൾ:
പാസഞ്ചർ, മെമു റേക്ക് ഉപയോഗിക്കാം
യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താം
പ്രതിമാസ, പ്രതിവാര ടിക്കറ്റ് മതി
മൊബൈൽ വഴി മാത്രം സീറ്റിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം ടിക്കറ്റ്
കോച്ച് നമ്പറും സീറ്റ് നമ്പറും ടിക്കറ്റിൽ കാണിക്കണം.
യാത്രികർ സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിക്കണം
.......
സാദ്ധ്യതാ റൂട്ടുകൾ : തിരുവനന്തപുരം - കൊല്ലം, കൊല്ലം - കോട്ടയം - എറണാകുളം, കൊല്ലം - ആലപ്പുഴ - എറണാകുളം , ഷൊർണൂർ - എറണാകുളം, തൃശൂർ - കോഴിക്കോട് , എറണാകുളം - പാലക്കാട്, പാലക്കാട് - കോഴിക്കോട് , കോഴിക്കോട് - കണ്ണൂർ , കണ്ണൂർ - കാസർകോട്
..........
പ്രതിദിനം 250 രൂപ കൊടുത്ത് യാത്ര ചെയ്യുന്ന ചെറുകിട ജോലിക്കാരുണ്ട്. അവർ വാഹനം ഏർപ്പാട് ചെയ്താണ് യാത്ര നടത്തുന്നത്. ട്രെയിൻ സൗകര്യം ഉണ്ടെങ്കിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസമാകും
പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ