നടപടി കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം

തൃശൂർ : നിരീക്ഷണത്തിലിരിക്കുന്നവർ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നതോടെ ആരോഗ്യവകുപ്പ് അധികൃതർ വട്ടം കറങ്ങുന്നു. കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും എണ്ണം ദിവസവും വൻ തോതിൽ വർദ്ധിക്കുന്നതിനിടയിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിരീക്ഷണത്തിലിരിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നത്.

നിരീക്ഷണത്തിലിരിക്കുന്നവർ പുറത്തിറങ്ങുന്നത് വലിയ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ ഇടയ്ക്കിടെ നടത്തുന്ന പരിശോധനകൾക്ക് പുറമേ പൊലീസിന്റെ മിന്നൽ പരിശോധനകളും നടക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ പ്രാദേശിക തലത്തിൽ ആരോഗ്യ വകുപ്പിനെയോ, വാർഡ് അംഗങ്ങളെയോ അറിയിക്കാതെ വരുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ചെക്ക് പോസ്റ്റുകളിൽ നിന്ന് പരിശോധന കഴിഞ്ഞ് നേരെ വീടുകളിലെത്തി നിരീക്ഷണത്തിലിരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ പലരും വരുന്ന വഴിയിൽ കടകളിലും മറ്റും കയറി സമ്പർക്കം പുലർത്തുന്നുണ്ട്. വീട്ടിലെത്തിയാലും ഇവർക്കായി തയ്യാറാക്കിയ മുറിക്കുള്ളിൽ ഇരിക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. മറ്റ് കുടുംബാംഗങ്ങളുമായി ഇടപഴകുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ റിപ്പോർട്ട് ചെയ്യുന്ന പൊസിറ്റീവ് കേസുകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇത് സാമൂഹിക വ്യാപനത്തിന് വഴിവയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. വിദേശത്ത് നിന്ന് വരുന്നവരെ സർക്കാർ സജ്ജീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് നേരെ മാറ്റുകയാണ്. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരിൽ ഹോട്ട് സ്‌പോട്ട്, റെഡ് സോൺ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരെ മാത്രമാണ് സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

ഹോട്ട് സ്‌പോട്ടിൽ നിന്നും വരുന്നവർ പാലിക്കേണ്ടത്

മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ നേരെ വീടുകളിലെത്തുക

വന്നയുടനെ തയ്യാറാക്കിയ മുറിക്കുള്ളിൽ കയറി വസ്ത്രം കഴുകി കുളിക്കുക

ഭക്ഷണം മുറിക്ക് പുറത്ത് തയ്യാറാക്കുന്ന മേശയിൽ വയ്പ്പിക്കുക

വസ്ത്രങ്ങൾ മുറിക്കുള്ളിലെ ബാത്ത് റൂമിൽ തന്നെ കഴുകുക

മാസ്‌ക് ഉപയോഗിക്കുക

മുറി വിട്ട് പുറത്തിറങ്ങരുത്

..............


നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയെടുക്കും. ഇത് സംബന്ധിച്ച് പൊലീസിന് നിർദ്ദേശം നൽകും. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരും

എസ്. ഷാനവാസ്, ജില്ലാ കളക്ടർ